പ്രധാനമന്ത്രി നരേന്ദ്രമോഡിയെ അധിക്ഷേപിച്ചുകൊണ്ടുള്ള മാലദ്വീപ് മന്ത്രിമാരുടെ പരാമര്‍ശത്തിന് പിന്നാലെ ഇന്ത്യ‑മാലദ്വീപ് ബന്ധം കൂടുതല്‍ വഷളാകുന്നു. മാലദ്വീപിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ മുനു മഹാവറിനെ മാലദ്വീപ് ഭരണകൂടം വിളിച്ചു വരുത്തി. മാലദ്വീപ് ഹൈക്കമ്മിഷണര്‍ ഇബ്രാഹിം ഷഹീബിനെ കേന്ദ്ര വിദേശകാര്യമന്ത്രാലയം വിളിച്ചു വരുത്തിയതിന് തിരിച്ചടിയെന്നോണമാണ് മാലദ്വീപിന്റെ നടപടി
ലക്ഷദ്വീപില്‍ ടൂറിസം പ്രോത്സാഹിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കുവച്ച സമൂഹമാധ്യമ പോസ്റ്റിനെതിരെ മാലദ്വീപിലെ ഡെപ്യൂട്ടി മന്ത്രിമാരായ മറിയം ഷിവുന, മല്‍ഷ ഷരീഫ്, അബ്ദുല്ല മഹ്‌സും മജീദ് എന്നിവര്‍ അധിക്ഷേപ പരാമര്‍ശം നടത്തിയിരുന്നു. പരാമര്‍ശം വിവാദമായതിനെത്തുടര്‍ന്ന് മൂന്നു മന്ത്രിമാരെയും ഭരണകൂടം സസ്പെന്‍ഡ് ചെയ്തിരുന്നു. പ്രസ്താവനകള്‍ വ്യക്തിഗത അഭിപ്രായം മാത്രമാണെന്നും അത് സര്‍ക്കാര്‍ നയമല്ലെന്നും മാലിദ്വീപ് ഭരണകൂടം വ്യക്തമാക്കുകയും ചെയ്തിരുന്നു.
മാലദ്വീപ് ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തിയതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ടിട്ടില്ല. മന്ത്രിമാര്‍ക്കെതിരെ നടപടിയെടുത്തത് ഹൈക്കമ്മിഷണര്‍ വിദേശകാര്യ മന്ത്രാലയത്തെ ധരിപ്പിച്ചുവെന്നാണ് സൂചന. അതേസമയം വിഷയത്തില്‍ തല്‍ക്കാലം പരസ്യ പ്രസ്താവന ഉണ്ടാകില്ലെന്നും വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു.
വിവാദം ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ വലിയ ഉലച്ചിലിന് കാരണമായി. മാലദ്വീപിനെ ബഹിഷ്‌കരിക്കാന്‍ ബോളിവുഡ് താരങ്ങള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ സമൂഹ മാധ്യമ ക്യാമ്പയിന്‍ തുടങ്ങുകയും ചെയ്തിരുന്നു.
English Summary: India-Maldives diplomatic relations continue to deteriorate
You may also like this video