Site iconSite icon Janayugom Online

ഇന്ത്യ യോഗം തുടങ്ങി; അഡാനി വിഷയത്തില്‍ ജെപിസി അന്വേഷണം വേണം: പ്രതിപക്ഷം

നരേന്ദ്ര മോഡി ഭരണത്തിന് അന്ത്യംകുറിയ്ക്കാന്‍ രൂപീകരിച്ച പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യമായ ഇന്ത്യയുടെ നിര്‍ണായക യോഗം മുംബൈയില്‍ ചേര്‍ന്നു. ഏകോപന സമിതി രൂപീകരണം, ലോഗോ നിശ്ചയിക്കല്‍, പൊതുമിനിമം പരിപാടി തയ്യാറാക്കല്‍, സെക്രട്ടേറിയറ്റ് രൂപീകരണം എന്നിവയാണ് യോഗത്തിന്റെ മുഖ്യ അജണ്ട. യോഗം ഇന്നും തുടരും. 28 പാര്‍ട്ടികളിലെ 63 പേരാണ് യോഗത്തില്‍ സംബന്ധിക്കുന്നത്. 

അഡാനി വിഷയത്തില്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാക്കള്‍ ആവശ്യപ്പെട്ടു. യോഗത്തിനിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ജെപിസി അന്വേഷണം ആവശ്യപ്പെട്ടു.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി സീറ്റ് വിഭജനം ഈ മാസം 30നുള്ളില്‍ പൂര്‍ത്തിയാക്കാന്‍ യോഗത്തില്‍ ധാരണയായി. ബിജെപി മത്സരിക്കുന്ന മണ്ഡലങ്ങളില്‍ സഖ്യത്തിന്റെ ഏക സ്ഥാനര്‍ത്ഥി മാത്രമാകും മത്സരിക്കുകയെന്നും നേതാക്കള്‍ പറഞ്ഞു.

ശിവസേന മഹാ വികാസ് അഘാഡിയും എന്‍സിപിയുമാണ് സംയുക്തമായി യോഗത്തിന് ചുക്കാന്‍ പിടിക്കുന്നത്. സിപിഐയെ പ്രതിനിധീകരിച്ച് ജനറല്‍ സെക്രട്ടറി ഡി രാജ, നേതാക്കളായ ബിനോയ് വിശ്വം, ബാലചന്ദ്ര കംഗോ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, മല്ലികാര്‍ജൂന ഖാര്‍ഗെ, കെ സി വേണുഗോപാല്‍, സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറം യച്ചൂരി, അശോക് ധാവ്ളെ എന്നിവരും മുഖ്യമന്ത്രിമാരായ മമതാ ബാനര്‍ജി, ഹേമന്ത് സോരേന്‍, ബിഹാര്‍ മുഖ്യമന്ത്രി നിധീഷ് കുമാര്‍, തേജസ്വി യാദവ്, ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറുഖ് അബ്ദുള്ള, ലാലു പ്രസാദ് യാദവ്, അഖിലേഷ് യാദവ്, എം കെ സ്റ്റാലിന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കളാണ് യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയിരിക്കുന്നത്. ഇന്ത്യ സഖ്യത്തിന്റെ ആദ്യ യോഗം ബിഹാറിലെ പട്നയിലാണ് സംഘടിപ്പിച്ചത്. കഴിഞ്ഞ മാസം ബംഗളൂരുവിലായിരുന്നു രണ്ടാമത്തെ യോഗം. 

Eng­lish Sum­ma­ry: India meet­ing start­ed; Adani issue should be probed by JPC: Opposition

You may also like this video

Exit mobile version