Site iconSite icon Janayugom Online

ഇന്ത്യ‑പാകിസ്ഥാന്‍ സംഘര്‍ഷം: ടെറിട്ടോറിയല്‍ ആര്‍മി അംഗങ്ങളുടെ സേവനം ഉപയോഗപ്പെടുത്താന്‍ കരസേന മേധാവിക്ക് അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍

ഇന്ത്യ‑പാകിസ്ഥാന്‍ സംഘര്‍ഷം കടുക്കുന്ന പശ്ചാത്തലത്തില്‍ ടെറിട്ടോറിയല്‍ ആര്‍മി അംഗങ്ങളുടെ സേവനം ഉപയോഗപ്പെടുത്താന്‍ കരസേന മേധാവിക്ക് അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍.1948ലെ ടെറിട്ടോറിയല്‍ ആര്‍മി നിയമത്തിലെ 33-ാം ചട്ടപ്രകാരമാണ് നടപടി. ഇതിന്റെ ഉത്തരവ് ഈ മാസം ആറിന് പുറത്തിറങ്ങി.32 ബറ്റാലിയനുകളാണ് ടെറിട്ടോറിയല്‍ ആര്‍മിക്കുള്ളത്. ഇതില്‍ 14 ബറ്റാലിയനുകളില്‍ നിന്ന് ആവശ്യമെങ്കില്‍ എന്റോള്‍ ചെയ്തിട്ടുള്ള ഓഫീസര്‍മാരെ വിനിയോഗിക്കാനാണ് അനുമതി. 

സതേണ്‍, ഇസ്‌റ്റേണ്‍, വെസ്‌റ്റേണ്‍, സെന്‍ട്രല്‍, നോര്‍ത്തേണ്‍, സൗത്ത് വെസ്‌റ്റേണ്‍, ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍, ആര്‍മി ട്രെയിനിങ് കമാന്‍ഡ് എന്നിവിടങ്ങളില്‍ നിന്നാകും ഉദ്യോഗസ്ഥരെ സേവനത്തിനായി വിളിക്കുക.ഇന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് സേനാമേധാവികളുടെ ഉന്നതതലയോഗം ഡല്‍ഹിയില്‍ വിളിച്ചു ചേര്‍ത്തിരുന്നു.പടിഞ്ഞാറന്‍ അതിര്‍ത്തിയിലെ സുരക്ഷാ സാഹചര്യവും സായുധസേനയുടെ ഒരുക്കങ്ങളെ കുറിച്ചും വിലയിരുത്താനായിരുന്നു യോഗം.

സംയുക്ത സേനാ മേധാവി അനില്‍ ചൗഹാന്‍, കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി, നാവികസേനാ മേധാവി അഡ്മിറല്‍ ദിനേഷ് കെ. ത്രിപാഠി, വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ എപി. സിങ്, പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍ സിങ്ങും യോഗത്തില്‍ പങ്കെടുത്തിരുന്നു.

Exit mobile version