ഇത്തവണ ഏകദിന ലോകകപ്പില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ വീണ്ടും ഏറ്റുമുട്ടാനുള്ള സാധ്യതയേറുന്നു. ന്യൂസിലന്‍ഡിനെതിരായ മത്സരത്തിലെ വിജയത്തോടെ പാകിസ്ഥാന്‍ തങ്ങളുടെ സെമി ഫൈനല്‍ സാധ്യത സജീവമാക്കിയതോടെയാണിത്. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ സെമിയിലോ ഫൈനലിലോ ഏറ്റുമുട്ടാനാണ് സാധ്യത. ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയുമായിരിക്കും സെമിയിലെത്തുന്ന മറ്റു ടീമുകള്‍.
ലീഗ് ഘട്ടത്തില്‍ ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഇന്ത്യ ഏകപക്ഷീയമായ ജയം സ്വന്തമാക്കിയിരുന്നു. എന്നാല്‍, ഒടുവില്‍ നടന്ന രണ്ട് കളികളിലും മികച്ച ജയത്തോടെയാണ് പാകിസ്ഥാന്‍ സെമിയിലേക്കുള്ള സാധ്യത തുറന്നത്. സെമിയിലോ ഫൈനലിലോ വീണ്ടും ഏറ്റുമുട്ടുകയാണെങ്കില്‍ ഇന്ത്യയ്ക്ക് ജയം എളുപ്പമാകില്ല.
പോയിന്റ് പട്ടികയില്‍ മുന്നിലെത്തുന്ന ആദ്യ നാല് ടീമുകളാണ് സെമിയിലെത്തുക. പട്ടികയില്‍ ഒന്നാമതെത്തുന്ന ടീം നാലാമതെത്തുന്ന ടീമുമായും രണ്ടാമതെത്തുന്ന ടീം മൂന്നാം സ്ഥാനത്തുള്ള ടീമുമായാണ് സെമിയില്‍ ഏറ്റുമുട്ടുക. നിലവില്‍ എട്ട് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ 14 പോയിന്റുമായി ഇന്ത്യ ഒന്നാം സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞു. അതേസമയം എട്ട് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ എട്ട് പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് പാകിസ്ഥാന്‍. സെമിയിലെത്തുകയാണെങ്കില്‍ നാലാമത്തെ ടീമായാണ് പാകിസ്ഥാന്‍ എത്തുകയെന്നതിനാല്‍ ഇന്ത്യ- പാകിസ്ഥാന്‍ സെമിക്ക് സാധ്യതയുണ്ട്.
ഇംഗ്ലണ്ടിനെതിരെ നടക്കാനിരിക്കുന്ന മത്സരം ജയിച്ചാല്‍ മാത്രമേ പാകിസ്ഥാന് സെമി സാധ്യതയുള്ളൂ. ഇപ്പോഴത്തെ ഫോമില്‍ ഇംഗ്ലണ്ടിന് പാകിസ്ഥാനെ തോല്‍പ്പിക്കുക എളുപ്പമല്ലാത്തതിനാല്‍ ഈ മത്സരം ജയിച്ച് പാകിസ്ഥാന്‍ 10 പോയിന്റു നേടാനാണ് സാധ്യത. അതേസമയം, നാലാം സ്ഥാനത്തിനായി മത്സരിക്കുന്ന ന്യൂസിലന്‍ഡിന് ശ്രീലങ്കയാണ് എതിരാളികള്‍. റണ്‍ ശരാശരിയില്‍ നിലവില്‍ നാലാം സ്ഥാനത്തുള്ള ന്യൂസിലന്‍ഡ് വന്‍ ജയത്തോടെ സെമി സ്ഥാനം ഉറപ്പിച്ചാല്‍ പാകിസ്ഥാന്റെ സാധ്യത ഇല്ലാതാകും. ഒടുവിലത്തെ മത്സരത്തില്‍ പാകിസ്ഥാന്‍ ജയിക്കുകയും ന്യൂസിലന്‍ഡ് തോല്‍ക്കുകയോ റണ്‍ശരാശരിയില്‍ പിന്നിലാവുകയോ ചെയ്താല്‍ പാകിസ്ഥാന്‍ സെമിയിലെത്തും. അതേസമയം, പാകിസ്ഥാന്‍ തോല്‍ക്കുകയോ റണ്‍ശരാശരി കുറയുകയോ ചെയ്താല്‍ ന്യൂസിലന്‍ഡ് സെമിയിലെത്തും.
English Summary:India Pakistan Semi? The possibilities are growing
You may also like this video