യുഎഇക്കെതിരെ 10 വിക്കറ്റിന്റെ ആധികാരിക ജയത്തോടെ ഇന്ത്യ അണ്ടര്‍ 19 ഏഷ്യാ കപ്പ് സെമിഫൈനലില്‍ പ്രവേശിച്ചു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത യുഎഇ 44 ഓവറില്‍ 137 റണ്‍സിന് ഓള്‍ഔട്ടായി. മറുപടി ബാറ്റിങ്ങില്‍ ടി20 ശൈലിയില്‍ ബാറ്റ് വീശിയ ഇന്ത്യ 16.1 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ ലക്ഷ്യത്തിലെത്തി. 46 പന്തില്‍ 76 റണ്‍സുമായി വൈഭവ് സൂര്യവന്‍ശിയും 51 പന്തില്‍ 67 റണ്‍സുമായി ആയുഷ് മാത്രെയും പുറത്താകാതെ നിന്നു. കഴിഞ്ഞ മത്സരത്തില്‍ ജപ്പാനോടും വമ്പന്‍ വിജയം നേടിയ ഇന്ത്യ തുടര്‍ച്ചയായ രണ്ടാം ജയത്തോടെ സെമിയിലെത്തുകയായിരുന്നു.
യുഎഇ ഉയര്‍ത്തിയ കുഞ്ഞൻ വിജയലക്ഷ്യത്തിലേക്ക് വെടിക്കെട്ട് തുടക്കമാണ് ഓപ്പണര്‍മാരായ വൈഭവ് സൂര്യവന്‍ശിയും ആയുഷ് മാത്രെയും ഇന്ത്യക്ക് നല്‍കിയത്. ആദ്യ രണ്ട് കളിയിലും തിളങ്ങാനാവാതിരുന്ന വൈഭവ് 32 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചപ്പോള്‍ ആയുഷ് മാത്രെ 38 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചു. തകര്‍ത്തടിച്ചു മുന്നേറിയ ഇന്ത്യ 12-ാം ഓവറില്‍ ഓവറില്‍ 100 കടന്നു.
യുഎഇയ്ക്കായി റയാന്‍ ഖാന്‍ (35), അക്ഷത് റായി(26), ഉദ്ദിഷ് സൂരി എന്നിവര്‍ക്ക് മാത്രമേ രണ്ടക്കം കാണാനായുള്ളു. ഇന്ത്യക്കായി യുദ്ധജിത്ത് ഗുഹ മൂന്ന് വിക്കറ്റ് നേടി. ചേതന്‍ ശര്‍മ്മയും ഹാര്‍ദിക് രാജും രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി.