Site iconSite icon Janayugom Online

കനേഡിയന്‍ പൗരന്മാര്‍ക്ക് ഇന്ത്യ ഇ‑വിസ സേവനങ്ങള്‍ പുനരാരംഭിച്ചു

justinjustin

കനേഡിയന്‍ പൗരന്മാര്‍ക്ക് ഇന്ത്യ ഇ‑വിസ സേവനങ്ങള്‍ പുനരാരംഭിച്ചു. രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇ‑വിസ സേവനങ്ങള്‍ പുനരാരംഭിച്ചത്. കഴിഞ്ഞ മാസം, എന്‍ട്രി വിസ, ബിസിനസ് വിസ, മെഡിക്കല്‍ വിസ, കോണ്‍ഫറന്‍സ് വിസ തുടങ്ങി ചില വിഭാഗങ്ങളില്‍ ഇന്ത്യ വിസ സേവനങ്ങള്‍ പുനഃസ്ഥാപിച്ചിരുന്നു.

കാനഡയിലെ ഖാലിസ്ഥാന്‍ അനുകൂല നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതില്‍ ഇന്ത്യക്ക് ബന്ധമുണ്ടെന്ന് കാനഡ ആരോപിച്ചതിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ വിള്ളല്‍ വീണിരുന്നു. ഇതേതുടര്‍ന്ന് സെപ്റ്റംബര്‍ 21 ന് കാനഡയിലേക്കുള്ള വിസ അനുവദിക്കുന്നത് താല്‍ക്കാലികമായി ഇന്ത്യ നിര്‍ത്തിവച്ചിരുന്നു.

എന്നാല്‍ ഒക്ടോബറില്‍ ടൂറിസ്റ്റ്, തൊഴില്‍, വിദ്യാര്‍ത്ഥി, സിനിമ, മിഷനറി, ജേണലിസ്റ്റ് വിസകള്‍ ഒഴികെയുള്ള ചില വിഭാഗങ്ങളില്‍ കനേഡിയന്‍ പൗരന്മാര്‍ക്ക് ഇന്ത്യ വിസ സേവനങ്ങള്‍ പുനരാരംഭിച്ചു. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ വെര്‍ച്വലായി ജി 20 നേതാക്കളുടെ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് എല്ലാ വിഭാഗത്തിലുള്ള വിസ സേവനങ്ങള്‍ പുനരാരംഭിച്ചിരിക്കുന്നത്. 

Eng­lish Sum­ma­ry: India resumes e‑Visa ser­vices for Cana­di­an citizens

You may also like this video

Exit mobile version