Site iconSite icon Janayugom Online

കലിയങ്കം; ഇന്ത്യ‑ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം

ഇന്ത്യ‑ദക്ഷിണാഫ്രിക്ക ഏകദിന പോരാട്ടത്തിന് ഇന്ന് തുടക്കം. ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ബോളണ്ട് പാര്‍ക്ക് മൈതാനത്ത് വച്ചാണ് ആദ്യ ഏകദിനം നടക്കുന്നത്. ടെസ്റ്റ് പരമ്പരയിലെ തോൽവിക്ക് കണക്ക് തീർക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. പുതിയ ക്യാപ്റ്റൻ കെ എൽ രാഹുലിന് കീഴിൽ ടീം ഇന്ത്യ ഇറങ്ങുന്ന ആദ്യ പരമ്പര കൂടിയാണിത്. മുൻ നായകൻ വിരാട് കോലിയെ വർഷങ്ങൾക്ക് ശേഷം വെറുമൊരു ബാറ്ററായി ടീമിൽ കാണാം.

ഇന്ത്യക്കെതിരെ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയ ആത്മവിശ്വാസത്തിലാണ് ദക്ഷിണാഫ്രിക്ക. തെംബ ബാവുമയാണ് ദക്ഷിണാഫ്രിക്കയെ നയിക്കുന്നത്.
ഇത്തവണ മികച്ച താരനിരയാണ് ഇന്ത്യക്കൊപ്പമുള്ളത്. എന്നാല്‍ എത്രത്തോളം മികച്ച പ്രകടനം കാഴ്ചവയ്ക്കാനാവുമെന്നത് കണ്ടറിയണം. താരങ്ങളുടെ ഫോമാണ് പ്രശ്‌നം. രോഹിത് ശര്‍മ, രവീന്ദ്ര ജഡേജ എന്നിവരുടെ അഭാവവും ഇന്ത്യക്ക് തിരിച്ചടിയാണ്.

സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, റിഷാബ് പന്ത് എന്നിവർ ഉൾപ്പെട്ട മധ്യനിര ക്ലിക്ക് ചെയ്യുകയും വിരാട് കോലി പഴയ ഫോമിലേക്ക് തിരിച്ചെത്തുകയും ചഹൽമാജിക്ക് ആവർത്തിക്കുകയും ചെയ്താൽ ഇന്ത്യയ്ക്ക് ഏകദിനപരമ്പര വൈറ്റ് വാഷ് ചെയ്ത് കണക്ക് തീർക്കാം. ഹാർദ്ദിക് പാണ്ഡ്യയുടെ അഭാവത്തിൽ വെങ്കിടേഷ് അയ്യരുടെ അരങ്ങേറ്റത്തിനും പരമ്പര വേദിയാകും. ജസ്പ്രീത് ബുംറയാണ് ടീമിന്റെ ഉപനായകൻ.

ഇന്ത്യക്കെതിരെ ശക്തമായ തിരിച്ചു വരവ് നടത്തിയ ആത്മവിശ്വാസത്തിലാണ് ദക്ഷിണാഫ്രിക്ക. സ്വന്തം മണ്ണില്‍ പേസ് നിരകാണിച്ച കരുത്തുറ്റ പ്രകടനമാണ് പ്രോട്ടീസ് നിരയ്‌ക്ക് ശക്തിപകരുന്നത്. ടെസ്റ്റിൽ നിന്ന് വിരമിച്ച ക്വിന്റൺ ഡിക്കോക്കും വെറ്ററൻ താരം വെയ്ൻ പാർണലും, വെടിക്കെട്ട് ബാറ്റർ ഡേവിഡ് മില്ലറും ദക്ഷിണാഫ്രിക്കൻ ടീമിൽ ഉണ്ട്. കേശവ് മഹാരാജാണ് ഉപനായകൻ.

നേര്‍ക്കുനേര്‍ 84 മത്സരത്തിലാണ് ഇരു ടീമും ഏറ്റുമുട്ടിയത്. ഇതില്‍ 46 തവണയും ദക്ഷിണാഫ്രിക്ക ജയിച്ചപ്പോള്‍ 35 തവണയാണ് ഇന്ത്യക്ക് ജയിക്കാനായത്. 1992–93ന് ശേഷം അഞ്ച് ഏകദിന പരമ്പരകള്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ കളിച്ചു. ഇതില്‍ ഒരു തവണ മാത്രമാണ് പരമ്പര നേടാനായത്. 2018ലായിരുന്നു ഇത്. നാല് തവണയും ഇന്ത്യ പരാജയപ്പെട്ടിരുന്നു. 2018 ആവര്‍ത്തിക്കാന്‍ ഇന്ത്യക്കാവുമോയെന്ന് കാത്തിരുന്ന് കാണാം.

eng­lish sum­ma­ry; India-South Africa ODI series starts today

you may also like this video;

Exit mobile version