Site iconSite icon Janayugom Online

ഏഷ്യയിലെ രാജാക്കന്മാരാകാന്‍ ഇന്ത്യ‑ശ്രീലങ്ക ഫൈനല്‍ പോരാട്ടം ഇന്ന്

cricketcricket

ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങളും സൂപ്പര്‍ ഫോര്‍ മത്സരങ്ങളും കടന്ന് ഇന്ത്യയും ശ്രീലങ്കയും ഇന്ന് കലാശപ്പോരിനിറങ്ങുന്നു. ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ വൈകിട്ട് മൂന്നിന് മത്സരം ആരംഭിക്കും. ഏഴ് തവണ ഏഷ്യാ കപ്പ് കിരീടം നേടിയ ഇന്ത്യയും ആറ് തവണ നേടിയ ശ്രീലങ്കയും ഏറ്റുമുട്ടുമ്പോള്‍ 2011 ഏകദിന ലോകകപ്പ് പോലെ തോന്നിക്കുന്നൊരു ഫൈനല്‍ തന്നെയാണ് ആരാധകരും പ്രതീക്ഷിക്കുന്നത്.
ഫൈനലുറപ്പിച്ചതിനാല്‍ ശ്രീലങ്കയ്ക്കെതിരെ കളിച്ച ടീമില്‍ അഞ്ച് മാറ്റങ്ങളുമായാണ് സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ ഇന്ത്യ ബംഗ്ലാദേശിനെതിരെ ഇറങ്ങിയത്. വിരാട് കോലി, ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ് എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചപ്പോള്‍ തിലക് വര്‍മ, സൂര്യകുമാര്‍ യാദവ്, ഷാര്‍ദ്ദുല്‍ ഠാക്കൂര്‍, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് ഷമി എന്നിവരാണ് ഇന്ത്യയുടെ അന്തിമ ഇലവനിലെത്തിയത്. രോഹിത് ശര്‍മ ക്യാപ്റ്റനായി കളത്തിലുണ്ടായിട്ടും ആറ് റണ്‍സകലെ വിജയം നഷ്ടമായി. അതുവരെ തോല്‍ക്കാതെയെത്തിയ ഇന്ത്യ ഒരു തോല്‍വി ഭാരവുമായാണ് ഫൈനലിനെത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഏറ്റവും മികച്ച ടീമിനെ തന്നെയാകും ഇന്ത്യ കളത്തിലിറക്കുക. 

ഓപ്പണര്‍മാരായി രോഹിത് ശര്‍മയും ശു­ഭ്മാന്‍ ഗില്ലും തന്നെയിറങ്ങും. സൂപ്പര്‍ ഫോറില്‍ ശ്രീലങ്കയ്ക്കെതിരെ അര്‍ധ സെഞ്ചുറി കൂട്ടുകെട്ട് സൃഷ്ടിക്കാന്‍ ഇവര്‍ക്കായിരുന്നു. കലാശപ്പോരാട്ടത്തിലും ഇവരുടെ പ്രകടനം നിര്‍ണായകമാണ്. മൂന്നാം സ്ഥാനത്തില്‍ വിരാട് കോലിയും തിരിച്ചെത്തും. നാല് മത്സരത്തില്‍ നിന്ന് 129 റണ്‍സാണ് കോലി നേടിയത്. നാലാം നമ്പറില്‍ കെ എല്‍ രാഹുല്‍ തുടരണം. മൂന്ന് മത്സരത്തില്‍ നിന്ന് 169 റണ്‍സാണ് രാഹുല്‍ നേടിയത്. ഇതില്‍ ഒരു സെഞ്ചുറി പ്രകടനവും ഉള്‍പ്പെടും. ശ്രീലങ്ക സ്പിന്നാക്രമണത്തിലൂടെ ഇന്ത്യയെ വിറപ്പിക്കാനാവും പദ്ധതിയിടുക. രാഹുല്‍ സ്പിന്നിനെ നന്നായി കളിക്കുന്ന ബാറ്ററാണ്. ശ്രേയസ് അയ്യര്‍ക്ക് ഫൈനലില്‍ സീറ്റില്ല. ഫിറ്റ്‌നസ് പ്രശ്‌നം നേരിടുന്ന ശ്രേയസ് പതിയെ തിരിച്ചുവരവ് നടത്തുന്നതേയുള്ളൂ. അഞ്ചാം നമ്പറില്‍ ഇഷാന്‍ കിഷന്‍ തുടരണം. പാകിസ്ഥാനെതിരായ അര്‍ധ സെഞ്ചുറി പ്രകടനത്തിന് ശേഷം വലിയൊരു പ്രകടനം കാഴ്ചവയ്ക്കാന്‍ ഇഷാന് സാധിച്ചിട്ടില്ല. എന്നാല്‍ ഇന്ത്യന്‍ ടീമിലെ ഇടം കൈയന്‍ ബാറ്ററിന്റെ അഭാവം വിലയിരുത്തുമ്പോള്‍ ഇഷാന്‍ കിഷനെ കളിപ്പിക്കാന്‍ ഇന്ത്യ നിര്‍ബന്ധിതരാവുകയാണ്. ആറാം നമ്പറില്‍ വൈസ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ കളിക്കുമ്പോള്‍ ഏഴാം നമ്പറില്‍ രവീന്ദ്ര ജഡേജയുണ്ടാവും. ഹാര്‍ദിക് ഓള്‍റൗണ്ടര്‍ പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. ഷാര്‍ദുല്‍ ഠാക്കൂറിന് പകരം വാഷിങ്ടണ്‍ സുന്ദര്‍ ടീമിലെത്തിയേക്കും. ലങ്കന്‍ ബാറ്റിങ് നിരയിലെ ഇടം കയ്യന്‍മാരുടെ സാന്നിധ്യമാണ് ഷാര്‍ദുലിന് പകരം ഓഫ് സ്പിന്നറായ വാഷിങ്‌ടണ്‍ സു­ന്ദറിനും അവസരം നല്‍കാന്‍ ടീം മാനേജ്മെന്റിനെ പ്രേരിപ്പിക്കുന്നത്. 

ബൗളിങ് നിരയിലേക്ക് ന്യൂബോളില്‍ വിക്കറ്റിടാന്‍ കഴിവുള്ള ഇന്ത്യയുടെ തുറുപ്പ്ചീട്ട് ജസ്‌പ്രീത് ബുംറയും എത്തുന്നതോടെ ബൗളിങ്ങില്‍ ഇന്ത്യ ശക്തിപ്രാപിക്കും. മുഹമ്മദ് സിറാജായിരിക്കും മറ്റൊരു പേസര്‍. സിറാജെത്തുന്നതോടെ മുഹമ്മദ് ഷമി പുറത്താകും. ഇത്തവണത്തെ ഏഷ്യാ കപ്പില്‍ വിക്കറ്റുകള്‍ വീഴ്ത്തി ക്കൊണ്ട് എതിര്‍ടീമിനെ വിറപ്പിച്ച കുല്‍ദീപ് യാദവും സ്പിന്‍ കെണിയൊരുക്കാന്‍ എത്തുന്നതോടെ ബൗളിങ്ങില്‍ ഇന്ത്യ സുരക്ഷിതമായിരിക്കുമെന്ന് വിലയിരുത്താം.
സൂപ്പര്‍ ഫോറില്‍ ഇരുവരും നേരിട്ടപ്പോള്‍ വിജയം ഇന്ത്യക്കൊപ്പമായിരുന്നെങ്കിലും ശ്രീലങ്കയുടെ യുവതാരം ദുനിത് വല്ലാലഗെയുടെയും മികച്ച പ്രകടനത്തില്‍ ഇന്ത്യ വിറച്ചിരുന്നു. ബൗളിങ്ങില്‍ അഞ്ച് വിക്കറ്റ് നേടുകയും ബാറ്റിങ്ങില്‍ 42 റണ്‍സെടുത്ത് ടോപ് സ്കോററാകുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ വല്ലാലഗെയ്ക്കെതിരെ ബാറ്റ് ചെയ്യാന്‍ ഇന്ത്യ കരുതിതന്നെയാകും കളത്തിലിറങ്ങുക.

മഴ കളി മുടക്കിയാല്‍ ?

മഴ മത്സരം മുടക്കാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. ഇന്ന് കൊളംബോയില്‍ വൈകിട്ട് മുതല്‍ രാത്രി വരെ മഴ പെയ്യാനുള്ള സാധ്യത 80 ശതമാനമാണ് പ്രവചിച്ചിരിക്കുന്നത്. കനത്ത കാറ്റും മഴയും ഉണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണം. ഇതുകൊണ്ട് തന്നെ ഇന്ന് നടക്കുന്ന ഫൈനലിന് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ റിസര്‍വ് ദിനം പ്രഖ്യാപിച്ചിട്ടുണ്ട്. മഴമൂലം മത്സരം നിര്‍ത്തിവച്ചാലും നാളെ പുനരാരംഭിക്കും. റിസര്‍വ് ദിനമായ നാളെയും 20 ഓവര്‍ മത്സരമെങ്കിലും പൂര്‍ത്തിയാക്കാനായില്ലെങ്കില്‍ ഇരു ടീമുകളെയും സംയുക്ത ചാമ്പ്യന്‍മാരായി പ്രഖ്യാപിക്കും.

Eng­lish Sum­ma­ry: India-Sri Lan­ka final match today

You may also like this video

Exit mobile version