കാഫ നേഷന്‍സ് കപ്പില്‍ ഇന്ത്യക്ക് തോല്‍വി. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ഇറാനാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്.
ആദ്യപകുതിയില്‍ ഇറാനെ പ്രതിരോധിച്ച ഇന്ത്യ സമനിലയിലൊതുക്കിയിരുന്നു. രണ്ടാം പകുതിയിലും ഇന്ത്യയുടെ മികച്ച പ്രകടനം പ്രതീക്ഷിച്ചെങ്കിലും ഇന്ത്യയുടെ പ്രതിരോധകോട്ട തകര്‍ത്ത് ഇറാന്‍ അക്കൗണ്ട് തുറന്നു. 59-ാം മിനിറ്റില്‍ ഇറാന്‍ ആദ്യ ഗോള്‍ നേടി. ബോക്‌സിന് മുന്നില്‍നിന്ന് സാദെഗന്‍ നല്‍കിയ പന്ത് ആമിര്‍ ഹൊസന്‍ ഇന്ത്യയുടെ വലയിലെത്തിച്ചു. ഇന്ത്യ തിരിച്ചടിക്കുമെന്ന പ്രതീക്ഷിച്ചെങ്കിലും വീണ്ടും ഇറാന്‍ ലീഡ് ഇരട്ടിയാക്കി. അലി അലിപോർഘരയാണ് രണ്ടാം ഗോള്‍ നേടിയത്. ഇഞ്ചുറി ടൈമില്‍ മെഹ്ദി തരിമി മൂന്നാം ഗോളും നേടി പട്ടിക പൂര്‍ത്തിയാക്കി.
പുതിയ പരിശീലകന്‍ ഖാലിദ് ജമീലിന്റെ കീഴില്‍ ഇന്ത്യയുടെ ആദ്യ തോല്‍വിയാണ്. താജിക്കിസ്ഥാനെതിരായ കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യ 2–1 വിജയം നേടിയിരുന്നു. 1951 ഏഷ്യന്‍ ഗെയിംസ് ഫൈനലിലാണ് ഇന്ത്യ അവസാനമായി ഇറാനെ തോല്പിച്ചത്. അന്ന് 1–0നായിരുന്നു ഇന്ത്യയുടെ ജയം. 2018 ലോകകപ്പ് യോഗ്യതാ റൗണ്ടിലാണ് അവസാനമായി ഇരുടീമും ഏറ്റുമുട്ടിയത്. 4–0ന് ഇറാന്‍ ജയിച്ചു.

