Site icon Janayugom Online

സിംഗപ്പൂര്‍ പ്രധാനമന്ത്രിയുടെ വിവാദ പരാമര്‍ശം; അതൃപ്തി അറിയിച്ച് ഇന്ത്യ

സിംഗപ്പൂര്‍ സിറ്റി: പാര്‍ലമെന്റ് സമ്മേളനത്തിനിടെ സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ ഹ്സിന്‍ ലൂങ്ങ് ഇന്ത്യക്കെതിരെ നടത്തിയ വിവാദ പരാമര്‍ശങ്ങളില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് വിദേശകാര്യമന്ത്രാലയം. സിംഗപ്പൂര്‍ നയതന്ത്ര പ്രതിനിധി സൈമണ്‍ വോങ്ങിനെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചു.

ജനാധിപത്യം എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന വിഷയത്തിലാണ് ഇന്ത്യയെ ഉദാഹരിച്ചുകൊണ്ട് സിംഗപ്പൂര്‍ പ്രധാനമന്ത്രി പാര്‍ലമെന്റില്‍ സംസാരിച്ചത്. ഉയര്‍ന്ന മൂല്യങ്ങളും കാഴ്ചപ്പാടുകളുമായി ജനാധിപത്യ സംവിധാനം രൂ­പീകരിക്കുകയും പിന്നീട് അത് ഇ­ല്ലാതാകുകയും ചെ­യ്യുന്നു. മാധ്യമ റിപ്പോര്‍ട്ടുകളനുസരിച്ച് നെഹ്റുവിന്റെ ഇന്ത്യയിലെ ലോക്‌സഭയില്‍ പകുതിയിലധികം പേര്‍ക്കെതിരെയും ക്രിമിനല്‍ കേസുകള്‍ ഉള്ളതാണ്. ഇതില്‍ കൊലപാതകവും പീഡനവും വരെ ചെയ്തവരുണ്ട്. ഇ­തൊക്കെ രാഷ്ട്രീയപ്രേരിതമാണെന്ന് അവര്‍ പറയുകയും ചെയ്യുന്നുവെന്നാണ് ലീ പാര്‍ലമെന്റില്‍ പറഞ്ഞത്.

ഉയർന്ന ആദർശങ്ങളും മഹത്തായ മൂല്യങ്ങളും അടിസ്ഥാനപ്പെടുത്തിയാണ് കൂടുതല്‍ രാജ്യങ്ങളും സ്ഥാപിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കുന്നതിനായിരുന്നു ലീയുടെ പരാമര്‍ശം. എന്നാല്‍ ഭാവിയില്‍ രാഷ്ട്രീയത്തിന്റെ രൂപഘടന തന്നെ മാറുകയും രാഷ്ട്രീയക്കാരോടുള്ള ബഹുമാനം കുറയുകയും ചെയ്യുന്നു, ലീ പറഞ്ഞു. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ ജവഹര്‍ ലാല്‍ നെഹ്റു ഉള്‍പ്പെടെയുള്ള പ്രമുഖരായ ലോക നേതാക്കളെ ഉദ്ധരിച്ചാണ് ലീ പ്രസംഗം പൂര്‍ത്തിയാക്കിയത്.

YOU MAY ALSO LIKE THIS VIDEO

Exit mobile version