Site iconSite icon Janayugom Online

മുംബൈ ഭീകരാക്രമണത്തിലെ മുഖ്യപ്രതി ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ കൈമാറണമെന്ന് ഇന്ത്യ; എട്ട് പേരുടെ പട്ടിക യു എസിന് കൈമാറി

മുംബൈ ഭീകരാക്രമണത്തിലെ മുഖ്യപ്രതി ഡേവിഡ് കോൾമാൻ ഹെഡ്‌ലിയെ കൈമാറണമെന്ന് യു എസിനോട് ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ
സന്ദർശനത്തിനിടെ കൈമാറാൻ ഉള്ള എട്ട് പേരുടെ പട്ടികയില്‍ ഗുണ്ടാനേതാക്കളായ അൻമോൾ ബിഷ്‌ണോയി, ഗോൾഡി ബ്രാർ എന്നിവരുമുണ്ട്. ഇന്ത്യയിൽ ഭീകരാക്രമണം നടത്താനുള്ള പദ്ധതിയുമായി യുഎസിൽനിന്നു വിമാനം കയറാൻ ശ്രമിക്കുന്നതിനിടെയാണ് 2009 ല്‍ ഹെഡ്‌ലിയെ അറസ്റ്റു ചെയ്തത്. ഷിക്കാഗോ
രാജ്യാന്തര വിമാനത്താവളത്തില്‍ വെച്ചാണ് ഹെഡ്‌ലിയെ എഫ് ബി ഐ കീഴടക്കുന്നത്.

മുംബൈ ഭീകരാക്രമണ കേസ് പ്രതി തഹാവൂർ റാണയെ ഇന്ത്യക്ക് കൈമാറാൻ നേരത്തെ അമേരിക്ക തയാറായിരുന്നു. ഇരു രാജ്യങ്ങളും തമ്മിൽ കുറ്റവാളി കൈമാറ്റ ഉടമ്പടി കരാർ നിലനിൽക്കുന്നുണ്ട്. ഈ ഉടമ്പടി പ്രകാരമാണ് തഹാവൂർ റാണയെ ഇന്ത്യക്ക് കൈമാറുന്നത്. ഇന്ത്യക്ക് കൈമാറരുതെന്ന് ആവശ്യപ്പെട്ട് റാണ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഹര്‍ജി തള്ളപ്പെട്ടു. ദക്ഷിണ മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യ, താജ്മഹൽ പാലസ്, ഛത്രപതി ശിവാജി ടെർമിനൽ, നരിമാൻ പോയിന്റിലെ ഒബ്റോയി ട്രൈഡന്റ് ഹോട്ടൽ എന്നിവിടങ്ങളിലാണ് ഭീകരർ ആക്രമണം അഴിച്ചുവിട്ടത്. 2008 നവംബറിൽ കറാച്ചിയിൽ നിന്ന് മുംബൈയിലേക്ക് 10 ഭീകരർ സഞ്ചരിച്ച ബോട്ട് വാങ്ങാൻ പാകിസ്ഥാന്റെ ഇന്റർ സർവീസസ് ഇന്റലിജൻസ് 25 ലക്ഷം രൂപ നൽകിയെന്ന് ഹെഡ്‌ലി വെളിപ്പെടുത്തിയതിനെ തുടർന്ന് 2016 ൽ യുഎസ് ഇന്ത്യൻ അന്വേഷകർക്ക് ചോദ്യം ചെയ്യാൻ അനുമതി നൽകിയിരുന്നു.

Exit mobile version