Site iconSite icon Janayugom Online

അമേരിക്കയുമായുള്ള താരിഫ് സംഘർഷങ്ങൾ മറികടക്കാൻ ഇന്ത്യ; പ്രധാനമന്ത്രി നരേന്ദ്ര മോഡി ജപ്പാൻ, ചൈന സന്ദർശനം നടത്തും

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള താരിഫ് സംഘർഷങ്ങൾ നിലനിൽക്കെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ജപ്പാനിലേക്കും ചൈനയിലേക്കും ദ്വിരാഷ്ട്ര സന്ദർശനം നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ടിയാൻജിനിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സി‌ഒ) ഉച്ചകോടിയിൽ പങ്കെടുക്കുന്നതും ഇതിൽ ഉൾപ്പെടുന്നു. ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 1 വരെ ചൈനയിലെ ടിയാൻജിനിൽ എസ്‌സി‌ഒ ഉച്ചകോടി നടക്കും.

പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ അധിക തീരുവയെ ചൊല്ലി ഇന്ത്യ — അമേരിക്ക ഭിന്നത രൂക്ഷമായിരിക്കെയാണ് നരേന്ദ്ര മോഡി ഇന്ന് ജപ്പാൻ, ചൈന സന്ദർശനത്തിനായി യാത്ര തിരിക്കുന്നത്. രാത്രി എട്ട് മണിക്കാണ് പ്രധാനമന്ത്രി ജപ്പാനിലേക്ക് തിരിക്കുന്നത്. ജപ്പാനിലേക്കുള്ള കയറ്റുമതി കൂട്ടുന്ന വിഷയവും ചർച്ചയാവും. ഇതിന് ശേഷം ജപ്പാനിൽ നിന്നും പ്രധാനമന്ത്രി മോദി, ഷാങ്ഹായി സഹകരണ ഉച്ചകോടിക്കായി ഞായറാഴ്ച ചൈനയിലെത്തും. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക 50 ശതമാനമാണ് തീരുവ ചുമത്തുന്നത്. ഇത് ചെമ്മീൻ, വസ്ത്രങ്ങൾ, തുകൽ, രത്നങ്ങൾ, ആഭരണങ്ങൾ തുടങ്ങിയ തൊഴിലാളികൾക്ക് ഏറെ ആവശ്യമുള്ള മേഖലകളെ സാരമായി ബാധിക്കും. അമേരിക്ക ചുമത്തിയ അധിക തീരുവ സാഹചര്യം മറികടക്കാൻ മറ്റു രാജ്യങ്ങളിലേക്കുള്ള കയറ്റുമതി കൂട്ടാനുള്ള തന്ത്രങ്ങളാണ് ഇന്ത്യ ആലോചിക്കുന്നത്. നാൽപ്പത് രാജ്യങ്ങളിലേക്കെങ്കിലും ഇന്ത്യയുടെ കയറ്റുമതി കൂട്ടാുനുള്ള സാധ്യതകൾക്കാണ് സർക്കാർ ശ്രമിക്കുന്നത്. അമേരിക്കയുടെ തീരുവ വലിയ തോതിൽ ബാധിക്കുന്ന ടെക്സ്റ്റൈൽ, സമുദ്രോൽപ്പന്ന മേഖലകൾക്കടക്കം കേന്ദ്ര സർക്കാർ സഹായം നൽകാൻ തീരുമാനിച്ചു. 

നിലവിൽ 25ശതമാനം താരിഫ് നിലവിലുണ്ട്. അധിക 25ശതമാനം എന്നത് ഇന്ത്യ റഷ്യൻ എണ്ണയും ആയുധങ്ങളും വാങ്ങുന്നതിനുള്ള പിഴയാണ്. സാമ്പത്തിക സമ്മർദ്ദവും തന്ത്രപരമായ സ്വാതന്ത്ര്യവും സന്തുലിതമാക്കുന്ന ഈ നീക്കം ദുഷ്‌കരമായ സമയത്താണ്. റഷ്യ — യുക്രൈൻ ആക്രമണത്തിന്‍റെ പശ്ചാത്തലത്തിലും ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് റഷ്യയുടെ സാമ്പത്തിക നേട്ടത്തിന് വേണ്ടിയാണെന്നും ഇത് അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് പിഴ തീരുവ നടപടിയെന്നാണ് ട്രംപ് ആദ്യ ഘട്ടത്തില്‍ വിശദീകരണം നല്‍കിയത്.

Exit mobile version