Site iconSite icon Janayugom Online

പാകിസ്ഥാനോട് പകരം വീട്ടാന്‍ ഇന്ത്യ

എഷ്യാ കപ്പ് ടി20 ക്രിക്കറ്റിന്റെ മത്സരക്രമം പുറത്തുവിട്ടു. ഓഗസ്റ്റ് 27ന് യുഎഇയിലാണ് മത്സരം ആരംഭിക്കുന്നത്. ഇന്ത്യയും പാകിസ്ഥാനും ബി ഗ്രൂപ്പിലാണ്. യോഗ്യതാ റൗണ്ട് കളിച്ചെത്തുന്ന ഒരു ടീം കൂടി ഈ ഗ്രൂപ്പിലുണ്ടാകും. ഹോങ്കോങ്, കുവൈത്ത്, സിംഗപ്പൂര്‍, യുഎഇ ടീമുകളാണ് യോഗ്യതാ പോരാട്ടത്തില്‍ മാറ്റുരയ്ക്കുന്ന ടീമുകള്‍. ഓഗസ്റ്റ് 28നാണ് ഇന്ത്യ– പാകിസ്ഥാൻ പോരാട്ടം. കഴിഞ്ഞ ടി20 ലോകകപ്പില്‍ പാകിസ്ഥാനോട് 10 വിക്കറ്റിന്റെ തോല്‍വിക്ക് പകരംവീട്ടാനുള്ള അവസരം കൂടിയാണ് ഇന്ത്യക്ക് ഏഷ്യാ കപ്പ്. 

തുടര്‍ച്ചയായി രണ്ടാമത്തെ വര്‍ഷമാണ് യുഎഇയ്ക്കു ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ വേദിയായി നറുക്കുവീണത്. കഴിഞ്ഞ ഐസിസിയുടെ ടി20 ലോകകപ്പിനും ആതിഥേയത്വം വഹിച്ചത് യുഎഇയായിരുന്നു. ഏഷ്യ കപ്പ് പോരാട്ടങ്ങൾ ടി20 ലോകകപ്പിനുള്ള തയാറെടുപ്പാണെന്ന് ബിസിസിഐ സെക്രട്ടറി ജയ്ഷാ പ്രതികരിച്ചു. ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ, ബംഗ്ലദേശ് എന്നിവരാണ് ഏഷ്യാ കപ്പിനുള്ള മറ്റു ടീമുകള്‍. 

പ്രാഥമിക റൗണ്ടുകള്‍ക്ക് ശേഷം സെപ്റ്റംബര്‍ മൂന്നിന് തുടങ്ങുന്ന സൂപ്പര്‍ ഫോര്‍ റൗണ്ടില്‍ ആദ്യ മത്സരത്തില്‍ ബി ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരും രണ്ടാം സ്ഥാനക്കാരും തമ്മില്‍ ഏറ്റുമുട്ടും. നാലിന് എ ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരും രണ്ടാം സ്ഥാനക്കാരും ഏറ്റുമുട്ടും. ആറിന് എ ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരും ബി ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരും തമ്മില്‍ മത്സരിക്കും. ഏഴിന് എ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരും ബി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരും തമ്മിലുള്ള പോരാട്ടം നടക്കും. ഗ്രൂപ്പ് ബിയില്‍ മുന്‍ ചാമ്പ്യന്‍മാരായ ശ്രീലങ്കയും അപകടകാരികളായ അഫ്ഗാനിസ്ഥാനും തമ്മിലാണ് ഉദ്ഘാടന മല്‍സം. വൈകിട്ട് ആറു മണിക്ക് ദുബായിലാണ് മത്സരം. ഫൈനലുള്‍പ്പെടെ എല്ലാ മത്സരങ്ങളും വൈകിട്ട് ആറു മണിക്കാണ്. ടി20 ഫോര്‍മാറ്റിലാണ് ടൂര്‍ണമെന്റ്.

Eng­lish Summary:India to replace Pak­istan in crick­et match
You may also like this video

Exit mobile version