Site icon Janayugom Online

ഇന്ത്യ‑ബ്രിട്ടന്‍ ഉഭയകക്ഷി ബന്ധം ശക്തമാക്കും

ഇന്ത്യ‑ബ്രിട്ടന്‍ വ്യാപാര‑ഉഭയകക്ഷി ബന്ധവും സഹകരണവും കൂടുതല്‍ ശക്തമാക്കാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും നടത്തിയ കൂടിക്കാഴ്ചയില്‍ ധാരണ. പരസ്പര സഹകരണം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ചര്‍ച്ചകളില്‍ തീരുമാനമായെന്ന് ഇരു പ്രധാനമന്ത്രിമാരും സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ഈ വര്‍ഷം അവസാനത്തോടെ യാഥാര്‍ത്ഥ്യമാകും. വ്യാപാരപങ്കാളിത്തം ഇരട്ടിയാക്കും. ഇന്ത്യ ചില ഉല്പന്നങ്ങളുടെ താരിഫ് കുറച്ചതിന് പകരമായി ബ്രിട്ടനും ചില താരിഫുകള്‍ ഒഴിവാക്കും. ആരോഗ്യ മേഖലയിലെ സഹകരണവും പ്രതീക്ഷിക്കുന്നതായി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.

ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലെ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ചരിത്രം കുറിക്കുന്നതാണെന്ന് നരേന്ദ്ര മോഡി പറഞ്ഞു. ഗ്ളാസ്‌ഗോയില്‍ സ്വീകരിച്ച കാലാവസ്ഥാ പ്രതിബദ്ധതകള്‍, സ്വതന്ത്രമായ ഇന്തോ-പസഫിക് മേഖല എന്നിവയും കൂടിക്കാഴ്ചയില്‍ വിഷയങ്ങളായി. ഇന്ത്യന്‍ വിദേശകാര്യമന്ത്രി ജയശങ്കറുമായും ബോറിസ് ജോണ്‍സണ്‍ കൂടിക്കാഴ്ച നടത്തി.

ഉക്രെയ്നിലെ റഷ്യന്‍ സൈനികനടപടിയിലെ ഇന്ത്യന്‍ നിലപാടിനെതിരെ ബ്രിട്ടന്റെ ഭാഗത്തു നിന്നും സമ്മര്‍ദ്ദമൊന്നും ഉണ്ടായില്ലെന്ന് വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ദ്ധന്‍ ശൃംഗ്‌ള പറഞ്ഞു. ഉക്രെയ്ന്‍ വിഷയം ഇരു പ്രധാനമന്ത്രിമാരും ചര്‍ച്ച ചെയ്‌തെന്നും യുദ്ധം അവസാനിപ്പിക്കണമെന്ന അഭിപ്രായമാണ് യോഗത്തില്‍ ഉണ്ടായതെന്നും വിദേശകാര്യ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.

രാവിലെ രാഷ്ട്രപതി ഭവനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് ഔദ്യോഗിക സ്വീകരണം നല്‍കി. പിന്നീട് രാജ്ഘട്ടിലെത്തി ഗാന്ധി സ്മൃതിമണ്ഡപത്തില്‍ അദ്ദേഹം പുഷ്പാര്‍ച്ചന നടത്തി.

Eng­lish summary;India-UK bilat­er­al ties will be strengthened

You may also like this video;

Exit mobile version