Site iconSite icon Janayugom Online

ഇന്ത്യ‑യുഎസ് വ്യാപാര കരാര്‍: അനിശ്ചിതത്വം തുടരുന്നു, മൗനം തുടര്‍ന്ന് ട്രംപ്

അമേരിക്കയുമായുള്ള നിർണായകമായ വ്യാപാര കരാർ (ബിടിഎ) വൈകുന്നതിൽ ഇന്ത്യ കടുത്ത അതൃപ്തിയിൽ. ഉദ്യോഗസ്ഥതലത്തിൽ എല്ലാ തർക്കങ്ങളും പരിഹരിക്കപ്പെടുകയും ഉല്പന്നങ്ങളുടെ പട്ടികയും നികുതി ഇളവുകളും സംബന്ധിച്ച ധാരണയാവുകയും ചെയ്തിട്ടും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അന്തിമ അനുമതി നൽകാത്തതാണ് പ്രതിസന്ധിക്ക് കാരണം. 2025 അവസാനിക്കാറായിട്ടും കരാറിൽ ഒപ്പിടാത്തത് ഇന്ത്യയുടെ ക്ഷമ കെടുത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന് പിഴയായി ഇന്ത്യൻ ഉല്പന്നങ്ങൾക്ക് മേൽ അമേരിക്ക ചുമത്തിയ 50 % വരെയുള്ള അധിക നികുതി നീക്കം ചെയ്യാതെ കരാറുമായി മുന്നോട്ട് പോകില്ലെന്ന ഉറച്ച നിലപാടിലാണ് ഇന്ത്യ. റഷ്യയുമായുള്ള വ്യാപാരത്തിന്റെ പേരിൽ ഓഗസ്റ്റ് മുതൽ ഇന്ത്യൻ കയറ്റുമതിക്ക് മേൽ ട്രംപ് ഭരണകൂടം വലിയ തോതിൽ താരിഫുകൾ ഏർപ്പെടുത്തിയിരുന്നു. ഇത് പിൻവലിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ട്രംപിന്റെ ഭാഗത്തുനിന്ന് ഇതുവരെ അനുകൂല നടപടിയുണ്ടായിട്ടില്ല.
അമേരിക്കൻ വിപണിക്കായി അനന്തമായി കാത്തിരിക്കാൻ തയ്യാറല്ലെന്ന സന്ദേശം ഇന്ത്യ നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി യൂറോപ്യൻ യൂണിയൻ, ബ്രിട്ടൻ, ഒമാൻ എന്നീ രാജ്യങ്ങളുമായുള്ള വ്യാപാര കരാറുകൾ വേഗത്തിലാക്കി. അമേരിക്കൻ വിപണിയെ മാത്രം ആശ്രയിക്കുന്നത് കുറയ്ക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഇന്ത്യയിലെ പുതിയ യുഎസ് അംബാസഡറായി സെർജിയോ ഗോർ ചുമതലയേൽക്കുന്നതോടെ ഈ തടസ്സങ്ങൾ നീങ്ങുമെന്നാണ് ഇന്ത്യൻ ഉദ്യോഗസ്ഥരുടെ പ്രതീക്ഷ. ഒക്ടോബറിൽ സെനറ്റ് അംഗീകരിച്ച സെർജിയോ ഗോർ ജനുവരിയോടെ ഔദ്യോഗികമായി പ്രവർത്തനം തുടങ്ങും. ഇന്ത്യയുമായുള്ള തന്ത്രപരമായ പങ്കാളിത്തത്തിന് അദ്ദേഹം മുൻഗണന നൽകുമെന്ന് വാഷിംഗ്ടണിലെ സത്യപ്രതിജ്ഞാ ചടങ്ങിൽ ട്രംപ് സൂചിപ്പിച്ചിരുന്നു. 

Exit mobile version