Site iconSite icon Janayugom Online

സഞ്ജുവിന് നിർണായകം

ഇന്ത്യ‑ന്യൂസിലാൻഡ് ടി20 പരമ്പരയിലെ മൂന്നാം പോരാട്ടം ഇന്ന് ഗുവാഹട്ടിയിൽ നടക്കും. ഏവരും ഉറ്റുനോക്കുന്നത് ഇന്ത്യൻ ടീമിലെ മാറ്റങ്ങളിലേക്കാണ്. പരമ്പരയിൽ ആധിപത്യം ഉറപ്പിക്കാൻ ലക്ഷ്യമിടുന്ന ഇന്ത്യ, ബാറ്റിങ് നിരയിൽ കാര്യമായ മാറ്റങ്ങൾക്ക് മുതിരാൻ സാധ്യതയില്ലെങ്കിലും ബൗളിങ്ങിൽ ജസ്പ്രീത് ബുംറ തിരിച്ചെത്തിയേക്കും. അഞ്ച് മത്സര പരമ്പര ഇതിനോടകം തന്നെ ഇന്ത്യ 2–0ന് മുന്നിലാണ്. ഇന്നത്തെ മത്സരത്തില്‍ ജയിക്കാനായാല്‍ പരമ്പര ഇന്ത്യക്ക് സ്വന്തമാകും. മത്സരം രാത്രി ഏഴിന് നടക്കും. 

ആദ്യ രണ്ട് മത്സരങ്ങളിലും ബാറ്റിങ്ങിൽ തിളങ്ങാൻ സാധിച്ചില്ലെങ്കിലും മലയാളി താരം സഞ്ജു സാംസൺ ഓപ്പണറായി തുടരാനാണ് സാധ്യത. ആദ്യ രണ്ട് മത്സരങ്ങളിലും സഞ്ജു നിരാശപ്പെടുത്തിയിരുന്നു. അതിനാല്‍ ഇന്നത്തെ മത്സരത്തില്‍ മികച്ച ഫോമിലെത്തേണ്ടതുണ്ട്. എന്നാൽ രണ്ടാം മത്സരത്തിൽ തിളങ്ങിയ ഇഷാൻ കിഷൻ മൂന്നാം നമ്പറിൽ സ്ഥാനമുറപ്പിച്ചു. കഴിഞ്ഞ മത്സരത്തില്‍ കിഷന്‍ 32 പന്തില്‍ 76 റണ്‍സ് നേടി. രണ്ടാം മത്സരത്തിൽ പൂജ്യത്തിന് പുറത്തായെങ്കിലും ആദ്യ ടി20യിലെ വെടിക്കെട്ട് പ്രകടനം പരിഗണിച്ച് അഭിഷേക് തന്നെയാകും സഞ്ജുവിനൊപ്പം ഓപ്പണാറായിറങ്ങുക. ഫോമിലേക്ക് തിരിച്ചെത്തിയ നായകൻ സൂര്യകുമാര്‍ യാദവിന് ഇന്നത്തെ മത്സരത്തില്‍ സമ്മര്‍ദം കുറവാണ്. 

മധ്യനിരയിൽ ഹാർദിക് പാണ്ഡ്യയുടെ സാന്നിധ്യം ടീമിന് കരുത്തേകും. അഞ്ചാം നമ്പറിൽ ഹാർദിക്കും ആറാമനായി ഫിനിഷർ റിങ്കു സിങ്ങും എത്തും. അക്സർ പട്ടേലിന് വിശ്രമം അനുവദിക്കുകയാണെങ്കിൽ ശിവം ദുബെ ഓൾറൗണ്ടറായി ടീമിൽ തുടരും. രണ്ടാം മത്സരത്തിൽ വിശ്രമം അനുവദിച്ച മുൻനിര പേസർ ജസ്പ്രീത് ബുംറ ടീമിൽ തിരിച്ചെത്തുമെന്നാണ് റിപ്പോർട്ടുകൾ. പവർ പ്ലേയിൽ റൺസ് വഴങ്ങിയ അർഷ്ദീപ് സിങ്ങിന് പകരം ബുംറ എത്തുന്നതോടെ ഇന്ത്യൻ ബൗളിങ് കൂടുതൽ ശക്തമാകും. രണ്ടാം മത്സരത്തിൽ തിളങ്ങിയ കുൽദീപ് യാദവും വരുൺ ചക്രവർത്തിയും തന്നെ സ്പിൻ ആക്രമണം നയിക്കും. ബാറ്റിങ്ങിലും കഴിവ് തെളിയിച്ചിട്ടുള്ള ഹർഷിത് റാണയും പേസ് നിരയിൽ സ്ഥാനം നിലനിർത്തിയേക്കും. പരമ്പര പ്രതീക്ഷ കൈവിടാതിരിക്കാന്‍ ന്യൂസിലാന്‍ഡിന് ഇന്ന് വിജയിച്ചേ തീരൂ. ബാറ്റിങ്ങില്‍ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ബൗളിങ്ങില്‍ തല്ലുവാങ്ങിക്കൂട്ടുന്നതാണ് കിവീസിന് ആശങ്ക. ഇന്നത്തെ മത്സരത്തില്‍ ടീമില്‍ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. 

Exit mobile version