Site iconSite icon Janayugom Online

ന്യൂ ഇയറില്‍ ഹാപ്പിയാകാന്‍ ഇന്ത്യ; ശ്രീലങ്കയ്ക്കെതിരായ ആദ്യ ടി20 ഇന്ന്

ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന് നടക്കും. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ രാത്രി 7നാണ് മത്സരം. മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ ടി20 പരമ്പരയ്ക്കുള്ള ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. യുവനിരയുമായാണ് ഇന്ത്യ­യുടെ വരവ്. ഹാർദിക് പാണ്ഡ്യയാണ് ടി20 ടീം നായകൻ. വിരാട് കോലി, കെ എൽ രാഹുൽ തുടങ്ങിയവരും ടി20 ടീമിൽ ഇല്ല. റുതുരാജ് ഗെയ്ക്വാദ്, ശുഭ്മൻ ഗിൽ, രാഹുൽ ത്രിപാഠി, ഇഷാൻ കിഷൻ എന്നീ നാല് ഓപ്പണർമാരിൽ ഗില്ലും കിഷനും സ്ഥാനമുറപ്പിച്ചുകഴിഞ്ഞതാണ്. ഏഷ്യാ കപ്പില്‍ ഇന്ത്യയെ നാണംകെടുത്താന്‍ ശ്രീലങ്കയ്ക്ക് കഴിഞ്ഞിരുന്നു. തട്ടകത്തിലേക്ക് ശ്രീലങ്കയെത്തുമ്പോള്‍ ഏ­ഷ്യാ കപ്പിലെ തോല്‍വിക്ക് കണക്കുവീട്ടുകയാവും ഇന്ത്യയുടെ ലക്ഷ്യം. എന്നാല്‍ ഇന്ത്യയില്‍ കളിച്ച് അനുഭവസമ്പത്തുള്ള ശ്രീലങ്കയെ കീഴടക്കുക ഇന്ത്യക്ക് എളുപ്പമാവില്ലെന്നുറപ്പ്.

ടി20 ഫോര്‍മാറ്റിലെ ഇന്ത്യയുടെ സമീപകാല പ്രകടനങ്ങള്‍ അത്ര മികച്ചതല്ല. അതുകൊണ്ട് തന്നെ 2023ല്‍ ഇന്ത്യക്ക് ശക്തമായ തിരിച്ചുവരവാണ് വേണ്ടത്. സീനിയേഴ്‌സില്ലാതെ യുവതാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ടീമുമായാണ് ഇന്ത്യ ശ്രീലങ്കയ്ക്കെതിരേ ഇറങ്ങുന്നത്. സഞ്ജു സാംസണിനെ ഇന്ത്യന്‍ ടീമില്‍ നിന്ന് നിരന്തരം തഴയപ്പെടുന്നുവെന്ന് വിമര്‍ശനം സമീപകാലത്തായി സജീവമാണ്. ഏകദിനത്തില്‍ മികവ് കാട്ടുമ്പോഴും ടീമില്‍ സ്ഥിരമായൊരു സ്ഥാനം സഞ്ജുവിന് ലഭിക്കില്ല. ഏകദിനത്തില്‍ 66ന് മുകളില്‍ ശരാശരിയുള്ള സഞ്ജുവിന് ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയില്‍ ഇടമില്ല. റിഷഭ് പന്തിന്റെ അഭാവത്തില്‍ സഞ്ജുവിന് ടീമില്‍ ഇടംലഭിക്കാനാണ് സാധ്യത. ഓപ്പണിങ്ങില്‍ ഇഷാന്‍ കിഷനും ശുഭ്മാന്‍ ഗില്ലുമിറങ്ങാനാണ് സാധ്യത.

മൂന്നാം സ്ഥാനത്ത് ത്രിപാഠിയെയോ റുതുരാജിനെയോ പരീക്ഷിക്കാനും സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ നാലാം നമ്പരിൽ സൂര്യ കളിക്കും. അഞ്ചാം നമ്പറിൽ ഹൂഡയോ സഞ്ജുവോ. ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, അർഷ്ദീപ് സിങ്, ഉമ്രാൻ മാലിക്ക്/ഹർഷൽ പട്ടേൽ, യുസ്‌വേന്ദ്ര ചഹൽ എന്നിങ്ങനെയാവും ടീം. ത്രിപാഠിയും ഋതുരാജും പുറത്തിരുന്നാൽ സൂര്യ മൂന്നാം നമ്പറിൽ കളിക്കും. നാലാം നമ്പറിൽ ഹൂഡ, അഞ്ചാം നമ്പറിൽ സഞ്ജു എന്നാവും സാധ്യത. കണക്കുകളില്‍ ഇന്ത്യയാണ് മുന്നില്‍. ശ്രീലങ്കയ്ക്കെതിരെ ഇതിന് മുമ്പ് ഏറ്റുമുട്ടിയപ്പോഴൊക്കെ വിജയം കൂടുതല്‍ ഇന്ത്യക്കായിരുന്നു. 26 മത്സരങ്ങള്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ 17 തവണയും ജയം നേടാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു. എട്ട് തവണയാണ് ശ്രീലങ്കക്ക് ജയിക്കാനായത്. ഒരു മത്സരം ഫലമില്ലാതെ അവസാനിച്ചു. എന്നാല്‍ സീനിയേഴ്സില്ലാതെ യുവനിരയുമായിറങ്ങുന്ന ഇന്ത്യ ശ്രീലങ്കയെ എങ്ങനെ നേരിടുമെന്ന് കാത്തിരുന്ന് കാണേണ്ടി വരും.

Exit mobile version