Site iconSite icon Janayugom Online

റഷ്യ- ഉക്രെയ്ന്‍ നയതന്ത്ര പരിഹാരമാണ് വേണ്ടതെന്ന് ഇന്ത്യ

റഷ്യ- ഉക്രെയ്ന്‍ പ്രശ്‌നത്തില്‍ വേണ്ടത് ചര്‍ച്ചകളിലൂടെയുളള നയതന്ത്ര പരിഹാരമാണെന്ന് ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യ അറിയിച്ചു. രക്ഷാസമിതിയില്‍ ഇന്ത്യന്‍ അംബാസിഡര്‍ ടി എസ് തിരുമൂര്‍ത്തിയാണ് നിലപാട് വ്യക്തമാക്കിയത്. ഉക്രെയ്‌നിലെ ഷെല്ലാക്രമണത്തിന് പിന്നില്‍ റഷ്യയാണെന്ന സൂചന നല്‍കി അമേരിക്കയും നാറ്റോയും ബ്രിട്ടനും രംഗത്തെത്തി. അധിനിവേശം എപ്പോള്‍ വേണമെങ്കിലും ഉണ്ടാകാമെന്ന മുന്നറിയിപ്പും അമേരിക്ക നല്‍കി.
ഉക്രെയ്ന്‍ അതിര്‍ത്തിയില്‍നിന്നും ക്രിമിയ പ്രവിശ്യയില്‍നിന്നും സൈനികരെ പിന്‍വലിച്ചുവെന്ന റഷ്യയുടെ വാദം നുണയാണെന്ന് ഉപഗ്രഹ ചിത്രങ്ങള്‍ തെളിയിക്കുന്നുവെന്ന് അമേരിക്ക ഇന്നലെ വ്യക്തമാക്കിയിരുന്നു. ഏഴായിരത്തോളം സൈനികരെ റഷ്യ അധികമായി വിന്യസിക്കുകയാണ് ചെയ്തതെന്നായിരുന്നു അമേരിക്കയുടെ ആരോപണം. റഷ്യന്‍ സൈന്യം പിന്മാറിയെന്നതിന്റെ ഒരു തെളിവും കിട്ടിയിട്ടില്ലെന്ന് നാറ്റോ ജനറല്‍ സെക്രട്ടറി ജീന്‍സ് സ്റ്റോളാന്‍ബര്‍ഗ് പറഞ്ഞു. യഥാര്‍ത്ഥ സൈനിക പിന്മാറ്റത്തിന് റഷ്യ തയ്യാറാകാതെ പ്രശ്‌ന പരിഹാരം ഉണ്ടാകില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ജര്‍മ്മന്‍ ചാന്‍സിലര്‍ ഒലാഫ് ഷോള്‍സിനെ അറിയിച്ചു.
പ്രകോപനം സൃഷ്ടിച്ചാല്‍ അല്ലാതെ ഉക്രെയ്‌നെ ആക്രമിക്കില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ പറഞ്ഞു. ഉക്രെയ്‌നില്‍ ഉള്ളവര്‍ അടക്കമുള്ള റഷ്യന്‍ അനുകൂലികള്‍ക്ക് നേരെ ആക്രമണം ഉണ്ടായാല്‍ തിരിച്ചടിക്കുമെന്നും പുടിന്‍ പറഞ്ഞു. ഇതിനു പിന്നാലെ റഷ്യന്‍ പിന്തുണയുള്ള വിമതര്‍ക്ക് നേരെ ഉക്രെയ്ന്‍ സൈന്യം ഷെല്ലാക്രമണം നടത്തിയതായി റിപ്പോര്‍ട്ടുണ്ട്. ഉക്രെയ്‌ന്റെ ഉള്ളില്‍ തന്നെയുള്ള വിമതരുടെ താവളങ്ങളാണ് ആക്രമിച്ചത്.

Eng­lish sum­ma­ry; India wants Rus­sia-Ukraine diplo­mat­ic solution

You may also like this video;

Exit mobile version