Site iconSite icon Janayugom Online

ഇന്ത്യ നനഞ്ഞ പടക്കം; ആദ്യ ഏകദിനത്തില്‍ ഓസീസിന് ഏഴ് വിക്കറ്റ് ജയം

മഴക്കളിയില്‍ ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തില്‍ ഓസ്ട്രേലിയയ്ക്ക് ഏഴ് വിക്കറ്റ് വിജയം. ഇന്നിങ്സിനിടെ നാല് തവണയാണ് മത്സരം മഴ മുടക്കിയത്. ആദ്യം 35 ഓവറും പിന്നീട് 32 ഓവറും ഒടുവിൽ 26 ഓവറുമായി മത്സരം ചുരുക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 26 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ 21.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഓസീസ് ലക്ഷ്യത്തിലെത്തി. 

ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷും (46*) ജോഷ് ഫിലിപ്പും (37) മാറ്റ് റെന്‍ഷോ (21*) എന്നിവരുടെ ഇന്നിങ്സാണ് ഓസീസിന് അനായാസ ജയം സമ്മാനിച്ചത്. രണ്ടാം ഓവറില്‍ തന്നെ ട്രാവിസ് ഹെഡിന്റെ (8) വിക്കറ്റ് ഓസീസിന് നഷ്ടമായി. അര്‍ഷ്ദീപിന്റെ പന്തില്‍ ഹര്‍ഷിത് റാണയ്ക്ക് ക്യാച്ച് നല്‍കിയാണ് ഹെഡ് മടങ്ങിയത്. തുടര്‍ന്നെത്തിയ മാത്യൂ ഷോര്‍ട്ടിനും (8) അധികം ആയുസുണ്ടായിരുന്നില്ല. എട്ട് റണ്‍സെടുത്ത താരത്തെ അക്‌സര്‍, രോഹിത് ശര്‍മയുടെ കൈകളിലേക്ക് പറഞ്ഞയച്ചു. പിന്നീട് മാര്‍ഷ് — ഫിലിപ്പെ സഖ്യം 55 റണ്‍സെടുത്തു. ഈ കൂട്ടുകെട്ടാണ് വിജയത്തിന് വഴിത്തിരിവായത്. ഇതോടെ മൂന്ന് മത്സര പരമ്പരയില്‍ ഓസീസ് 1–0ന് മുന്നിലെത്തി.

ഇന്ത്യന്‍ ഇന്നിങ്സില്‍ മഴയാണ് കൂടുതലും കളിച്ചത്. ഒടുവില്‍ ഓസീസ് പേസാക്രമണത്തില്‍ ഇന്ത്യ തകരുകയായിരുന്നു. 38 റൺസെടുത്ത കെ എൽ രാഹുലാണ് ഇന്ത്യയുടെ ടോപ് സ്കോറർ. അക്ഷർ പട്ടേൽ 31 റൺസെടുത്തു. അവസാന ഓവറിൽ രണ്ടു സിക്സറുകൾ ഉൾപ്പെടെ അടിച്ച് 19 റൺസെടുത്ത് പുറത്താകാതെ നിന്ന അരങ്ങേറ്റക്കാരൻ നിതീഷ് കുമാർ റെഡ്ഡിയാണ് ഇന്ത്യൻ സ്കോർ 130 കടത്തിയത്.

ഇടവേളയ്ക്ക് ശേഷം കളത്തിലെത്തിയ രോഹിത് ശര്‍മ്മയെയാണ് ആദ്യം നഷ്ടമായത്. എട്ട് റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്. രാജ്യാന്തര ക്രിക്കറ്റിൽ രോഹിത്തിന്റെ 500–ാം മത്സരമായിരുന്നു ഇത്. പിന്നാലെ മൂന്നാമനായെത്തിയ വിരാട് കോലി എട്ട് പന്തില്‍ റണ്ണൊന്നുമെടുക്കാതെ മടങ്ങി. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും ശ്രേയസ് അയ്യരും ചേര്‍ന്ന് കരകയറ്റുമെന്ന് കരുതിയെങ്കിലും ഗില്ലിനെ പുറത്താക്കി നതാന്‍ എല്ലിസ് ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കി. 10 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. പിന്നീടെത്തിയവരില്‍ അക്സര്‍ പട്ടേലും രാഹുലും മാത്രമാണ് 20ല്‍ കൂടുതല്‍ റണ്‍സ് സ്കോര്‍ ചെയ്തത്. ഓസീസിന് വേണ്ടി ഹേസല്‍വുഡ്, മിച്ചല്‍ ഓവന്‍ മാത്യു കന്‍മന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍എലിസ് എന്നിവര്‍ ഓരോ വിക്കറ്റ് നേടി. 

Exit mobile version