Site icon Janayugom Online

എന്‍സിഇആര്‍ടിയിലൂടെ ഇന്ത്യയെ ഭാരത് ആക്കും

എന്‍സിഇആര്‍ടി പാഠപുസ്തകങ്ങളില്‍ നിന്നും രാജ്യത്തിന്റെ പേര് ഇന്ത്യ എന്നത് നീക്കം ചെയ്ത് ഭാരതമാക്കുമെന്ന് സൂചന നല്‍കി കേന്ദ്രം. സിപിഐ അംഗം പി സന്തോഷ്‌കുമാര്‍ ഉന്നയിച്ച ചോദ്യത്തിന് രാജ്യസഭയില്‍ നല്‍കിയ മറുപടിയിലാണ് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി അന്നപൂര്‍ണ ദേവി ഇക്കാര്യം വ്യക്തമാക്കിയത്.

പാഠപുസ്തകങ്ങളില്‍ ഇന്ത്യ എന്നതിനു പകരം ഭാരതം എന്ന പേര് ഉപയോഗിക്കണമെന്ന് എന്‍സിഇആര്‍ടി പാനല്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയോ, ശുപാര്‍ശയില്‍ എന്തു നടപടിയാണ് സ്വീകരിച്ചത്, ഭാരതമെന്ന് പേരിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിനു പിന്നിലെ നീതീകരണം എന്താണ്, ഇന്ത്യ‑ഭാരത് എന്നീ രണ്ടു പേരുകള്‍ക്കും തുല്യ പ്രാധാന്യം ഭരണഘടന വിഭാവനം ചെയ്യുമ്പോള്‍ ഭാരത് എന്ന പേരിന് കൂടുതല്‍ ഊന്നല്‍ നല്‍കുന്നതെന്തിന് എന്നീ ചോദ്യങ്ങളാണ് പി സന്തോഷ് കുമാറും സിപിഐ(എം) അംഗം എളമരം കരീമും ഉന്നയിച്ചത്.

കോളനി വാഴ്ചക്കാലത്തെ മാനസികാവസ്ഥയില്‍ നിന്നും മാറി ഇന്ത്യന്‍ ഭാഷകളിലുള്ള പേരുകള്‍ ഉപയോഗിക്കാനാണ് ഊന്നല്‍ നല്‍കുന്നതെന്ന് മന്ത്രിയുടെ മറുപടിയില്‍ പറയുന്നു. എന്‍സിഇആര്‍ടി വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലെ സ്വതന്ത്ര സംവിധാനമാണ്. പ്രാദേശിക ഭാഷാ പ്രയോഗം മുന്‍നിര്‍ത്തി ഭാരതമെന്ന പേരിന് ഊന്നല്‍ നല്‍കാനാവും എന്‍സിഇആര്‍ടി ശ്രമിക്കുക.
ഭരണഘടന അനുച്ഛേദം ഒന്ന് പ്രകാരം രാജ്യത്തിന്റെ പേര് ഇന്ത്യയായ ഭാരത് എന്നാണ്. അതിനാല്‍ രാജ്യത്തിന്റെ പേര് ഭാരതമെന്നോ ഇന്ത്യയെന്നോ പരസ്പരം മാറ്റി ഉപയോഗിക്കാന്‍ കഴിയും. ഭരണഘടന മുന്നോട്ടുവയ്ക്കുന്ന ഈ വികാരം ഉള്‍ക്കൊണ്ടാണ് എന്‍സിഇആര്‍ടി പ്രവര്‍ത്തിച്ചതെന്നും മറുപടിയിലുണ്ട്.

Eng­lish Summary:India will become Bharat through NCERT

You may also like this video

Exit mobile version