Site iconSite icon Janayugom Online

സീനിയേഴ്സ് റാഞ്ചി; ഇന്ത്യക്ക് 17 റണ്‍സ് ജയം, കോലിക്ക് സെഞ്ചുറി

അവസാന ഓവര്‍ വരെ നീണ്ട ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിന ക്രിക്കറ്റില്‍ ഇന്ത്യക്ക് 17 റണ്‍സിന്റെ ആവേശ ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 349 റണ്‍സെടുത്തു. വിരാട് കോലിയുടെ തകര്‍പ്പന്‍ സെഞ്ചുറിയാണ് ഇന്ത്യക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്. കോലി 120 പന്തില്‍ 11 ഫോറും ഏഴ് സിക്സറും സഹിതം 135 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 49.2 ഓവറില്‍ 332 റണ്‍സിന് ഓള്‍ഔട്ടായി. ഇന്ത്യക്കായി കുല്‍ദീപ് യാദവ് നാലും ഹര്‍ഷിത് റാണ മൂന്ന് വിക്കറ്റും നേടി. ഇതോടെ മൂന്ന് മത്സര പരമ്പര 1–0ന് ഇന്ത്യ മുന്നിലെത്തി.

350 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ ആദ്യ മൂന്ന് പേരും രണ്ടക്കം കാണാതെ പുറത്തായി. എയ്ഡന്‍ മാര്‍ക്രം (ഏഴ്), റയാന്‍ റിക്കിള്‍ട്ടണ്‍ (പൂജ്യം), ക്വിന്റണ്‍ ഡി കോക്ക് (പൂജ്യം) എന്നിവരെയാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ നിലംതൊടാതെ പറഞ്ഞയച്ചത്. പിന്നീടൊന്നിച്ച മാത്യു ബ്രീറ്റ്സ്കെ-ടോണി ഡി സോഴ്സി സഖ്യം 66 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 39 റണ്‍സെടുത്ത സോഴ്സിയെ കുല്‍ദീപ് എല്‍ബിഡബ്ല്യുവില്‍ കുരുക്കി. പിന്നീടൊന്നിച്ച മാത്യു ബ്രീറ്റ്സ്കെ-മാര്‍ക്കോ യാന്‍സന്‍ സഖ്യം 97 റണ്‍സ് കൂട്ടിച്ചേര്‍ത്തു. മാത്യു 72 റണ്‍സും യാന്‍സന്‍ 70 റണ്‍സുമെടുത്ത് പുറത്തായി. കോര്‍ബിന്‍ ബോഷ് ഒറ്റയാള്‍ പോരാട്ടം നടത്തിയെങ്കിലും വിജയത്തിലെത്തിക്കാനായില്ല.

ഇന്ത്യക്ക് തുടക്കം അത്ര മികച്ചതായിരുന്നില്ല. സ്കോര്‍ബോര്‍ഡില്‍ 25 റണ്‍സുള്ളപ്പോള്‍ യശസ്വി ജയ്സ്വാളിനെ നാന്ദ്രെ ബര്‍ഗര്‍ പുറത്താക്കി. 16 പന്തില്‍ 18 റണ്‍സാണ് ജയ്സ്വാള്‍ നേടിയത്. രോഹിത് ശര്‍മ്മ നല്‍കിയ അനായാസ ക്യാച്ച് അവസരം ടോണി ഡി സോര്‍സി നിലത്തിടുകയും ചെയ്തു. മൂന്നാമനായി വിരാട് കോലിയെത്തിയതോടെ മൈതാനം ആവേശമാകുകയായിരുന്നു. സീനിയേഴ്സിന്റെ തകര്‍പ്പന്‍ പ്രകടനമാണ് പിന്നീട് ഗ്യാലറി സാക്ഷ്യം വഹിച്ചത്. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 136 റൺസാണ് കൂട്ടിച്ചേർത്തത്. റൺസിലും ബൗണ്ടറികളും കോലിയും രോഹിത്തും ഏകദേശം ഒരു പോലെ മുന്നേറിയിപ്പോൾ ഇന്ത്യൻ സ്കോർബോർഡും അതിവേഗം മുന്നോട്ടു പോയി. 14–ാം ഓവറിൽ ഇന്ത്യൻ സ്കോർ 100 കടന്നു. രോഹിത്തും വിരാടും അര്‍ധസെഞ്ചുറി തികയ്ക്കുകയും ചെയ്തു. 

എന്നാല്‍ സ്‌കോര്‍ 161 ല്‍ നില്‍ക്കേ രോഹിത്തിനെ പുറത്താക്കി മാര്‍ക്കോ യാന്‍സന്‍ ദക്ഷിണാഫ്രിക്കയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. 51 പന്തില്‍ 57 റണ്‍സെടുത്താണ് താരം പുറത്തായത്. അഞ്ചുഫോറുകളും മൂന്ന് സിക്‌സറുമടങ്ങുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിങ്‌സ്. റുതുരാജ് ഗെയ്ക്‌വാദിന് തിളങ്ങാനായില്ല. എട്ട് റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്. അഞ്ചാമനായി ക്രീസിലെത്തിയ വാഷിങ്ടണ്‍ സുന്ദറും (13) നിരാശപ്പെടുത്തിയതോടെ നാലിന് 200 എന്ന നിലയിലായി ഇന്ത്യ. വൈകാതെ കോലി സെഞ്ചുറി പൂര്‍ത്തിയാക്കി. 101 പന്തില്‍ നിന്നായിരുന്നു കോലിയുടെ സെഞ്ചുറി. കോലി പുറത്താകുമ്പോള്‍ 42.5 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 276 റണ്‍സെന്ന നിലയിലായി ഇന്ത്യ. പിന്നാലെ രാഹുലും രവീന്ദ്ര ജഡേജയും ചേര്‍ന്ന് ആറാം വിക്കറ്റില്‍ മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തി ടീമിനെ 300 കടത്തി. ക്യാപ്റ്റനായെത്തിയ മത്സരത്തിൽ രാഹുൽ അർധസെഞ്ചുറിയോടെ തിളങ്ങി. രാഹുൽ 56 പന്തിൽ നിന്ന് 60 റൺസെടുത്ത് പുറത്തായി. ജഡേജ 20 പന്തിൽ നിന്ന് 32 റൺസെടുത്തു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മാര്‍കോ യാന്‍സന്‍, നന്ദ്രേ ബര്‍ഗര്‍, ഒട്ട്‌നീല്‍ ബാര്‍ട്ട്മാന്‍, കോര്‍ബിന്‍ ബോഷ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Exit mobile version