ഐസിസി അണ്ടർ 19 ഏകദിന ലോകകപ്പ് ക്രിക്കറ്റ് കിരീടം സ്വന്തമാക്കി ഇന്ത്യയുടെ ചുണക്കുട്ടികള്‍. കലാശപ്പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ നാല് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യയുടെ കൗമാരക്കൂട്ടം കിരീടം സ്വന്തമാക്കിയത്. ഇംഗ്ലണ്ട് ഉയർത്തിയ 190 റൺസ് വിജയലക്ഷ്യം 14 പന്തുകള്‍ ബാക്കിനില്‍ക്കെയാണ് ഇന്ത്യ മറികടന്നത്. ഇന്ത്യയുടെ അഞ്ചാം കിരീടനേട്ടമാണിത്. 84 പന്തിൽ 50 റൺസെടുത്ത ഷെയ്ക്ക് റഷീദും 54 പന്തിൽ പുറത്താകാതെ 50 റൺസ് നേടിയ നിഷാന്ത് സിന്ധുവും ചേർന്നാണ് ഇന്ത്യയെ വിജയ തീരത്ത് എത്തിച്ചത്. ഇന്ത്യക്കായി അഞ്ചു വിക്കറ്റെടുത്ത് രാജ് ബവ, ബാറ്റിംഗിലും മികവ് കാട്ടി. രാജ് ബവ 54 പന്തിൽ 35 റൺസാണ് എടുത്തത്. നേരത്തേ, ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് 44.5 ഓവറിൽ 189 റണ്‍സിന് ഓൾഔട്ടാകുകയായിരുന്നു. അർധ സെഞ്ചുറി നേടിയ ജെയിംസ് റ്യുയുടെയും ജെയിംസ് സെയിൽസിന്റെയും രക്ഷാപ്രവർത്തനമാണ് ഇംഗ്ലണ്ടിനെ ഭേദപ്പെട്ട നിലയിലെത്തിച്ചത്. ഇരുവരും ചേർന്ന് 93 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. അഞ്ച് വിക്കറ്റ് നേടിയ രാജ് ബവയുടെ മിന്നും പ്രകടനമാണ് ഇന്ത്യയ്ക്ക് തുണയായത്. രവി കുമാർ നാല് വിക്കറ്റും കൗഷൽ താംബേ ഒരു വിക്കറ്റും വീഴ്ത്തി. 91 റണ്‍സ് സ്വന്തമാക്കിയ ഇന്ത്യന്‍ കൗമാരം ഇംഗ്ലണ്ടിന്റെ ഏഴ് മുൻനിര ബാറ്റർമാരെയാണ് തകര്‍ത്തത്.
English Summary: India wins Under 19 wcc
You may like this video also