ബംഗ്ലാദേശ് വനിതകള്‍ക്കെതിരായ ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യ. രണ്ടാം മത്സരത്തില്‍ എട്ട് റണ്‍സിനാണ് ഇന്ത്യ വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 95 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ 87 റണ്‍സിന് ബംഗ്ലാദേശ് ഓള്‍ഔട്ടാകുകയായിരുന്നു. രണ്ടാം മത്സരത്തിലും മലയാളി താരം മിന്നു മണി തിളങ്ങി. നാല് ഓവറുകൾ പന്തെറിഞ്ഞ താരം ഒമ്പതു റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകൾ വീഴ്ത്തി. ഒരോവര്‍ മെയ്ഡനുമാക്കി. അരങ്ങേറ്റ മത്സരത്തിലും ഒരു വിക്കറ്റ് നേടിയ മിന്നു ഇന്ത്യന്‍ ടീമിനൊപ്പം ഏറെക്കാലം തുടരുമെന്ന് അടിവരയിടുന്ന പ്രകടനമാണ് കാഴ്ചവച്ചത്.
അവസാന ഓവറില്‍ പത്ത് റണ്‍സാണ് ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ മൂന്ന് വിക്കറ്റ് നേടി ഷെഫാലി വര്‍മ ആതിഥേയരെ പരാജയത്തിലേക്ക് തള്ളിവിട്ടു. 38 റണ്‍സെടുത്ത നിഗര്‍ സുല്‍ത്താനയാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. മറ്റാര്‍ക്കും രണ്ടക്കം കാണാന്‍ പോലും സാധിച്ചില്ല. മോശം തുടക്കമാണ് ബംഗ്ലാദേശിന് ലഭിച്ചത്. 30 റണ്‍സിനിടെ നാല് വിക്കറ്റ് അവര്‍ക്ക് നഷ്ടമായി. ഇതില് രണ്ടും മിന്നുവിനായിരുന്നു. ഷമീമ സുല്‍ത്താന (5), റിതു മോനി (4) എന്നിവരെയാണ് മിന്നു പുറത്താക്കിയത്. ഷതി റാണി (5), മുര്‍ഷിദ ഖതുന്‍ (4) എന്നിവരാണ് പുറത്തായ മറ്റുരണ്ട് പേര്‍. ഇന്ത്യക്കായി ദീപ്തി ശര്‍മ്മ മൂന്ന് വിക്കറ്റ് വീഴ്ത്തി. മൂന്ന് പന്തില്‍ ഒരു ബൗണ്ടറി ഉള്‍പ്പെടെ അഞ്ച് റണ്‍സാണ് മിന്നു നേടിയത്. നേരിട്ട ആദ്യ പന്ത് തന്നെ മിന്നും ബൗണ്ടറി കടത്തി. 10-ാം നമ്പറിലാണ് മിന്നുവിന് അവസരം ലഭിച്ചത്.
ഓള്‍റൗണ്ടറാണെങ്കിലും ബാറ്റിങ്ങിനെക്കാള്‍ മിന്നുവിന് പ്രിയം ബൗളിങ്ങിലാണ്. മിന്നുവിന്റെ മികവ് തിരിച്ചറിഞ്ഞ് ഇത്തവണ രണ്ടാം ഓവറില്‍ത്തന്നെ മലയാളി താരത്തിന് ബൗളിങ് ലഭിച്ചു. ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ കണക്കുകൂട്ടല്‍ തെറ്റിയില്ല. രണ്ടാം പന്തില്‍ത്തന്നെ ബംഗ്ലാദേശ് ഓപ്പണര്‍ ഷാമിന സുല്‍ത്താനയെ മിന്നു മടക്കിയയച്ചു. നാല് പന്തില്‍ 5 റണ്‍സെടുത്ത ഷാമിനെയെ മിന്നു ഷഫാലി വര്‍മയുടെ കൈയിലെത്തിക്കുകയായിരുന്നു. ഒരു റണ്‍സ് പോലും വിട്ടുകൊടുക്കാതെ മെയ്ഡന്‍ ഓവറാക്കിയാണ് മിന്നു വിക്കറ്റ് നേടിയത്. 14 പന്തിൽ 19 റൺസെടുത്ത ഷെഫാലി വർമയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. മൂന്ന് പന്തുകൾ നേരിട്ട മിന്നു ഒരു ഫോറടക്കം അഞ്ചു റൺസെടുത്തു പുറത്താകാതെനിന്നു. 33 റൺസെടുത്തു നിൽക്കെ ആദ്യ വിക്കറ്റു പോയ ഇന്ത്യയ്ക്ക് തൊട്ടുപിന്നാലെ രണ്ടു വിക്കറ്റുകൾ കൂടി നഷ്ടമായത് തിരിച്ചടിയായി. റണ്ണൊഴുക്കിനു വേഗം കുറഞ്ഞതോടെ ഇന്ത്യ ചെറിയ സ്കോറിലൊതുങ്ങുകയായിരുന്നു. ക്യാപ്റ്റൻ ഹർമൻ പ്രീത് കൗർ നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായി. സ്മൃതി മന്ഥന (14 പന്തിൽ 19), യാസ്തിക ഭാട്യ (13 പന്തിൽ 11), ദീപ്തി ശർമ (14 പന്തിൽ 10), അമൻജ്യോത് കൗർ (17 പന്തിൽ 14) എന്നിവരാണ് ഇന്ത്യയുടെ മറ്റു പ്രധാന സ്കോറർമാർ.
English Sammury: India won the T20 series against Bangladesh women