Site icon Janayugom Online

ഇന്ത്യ x വെസ്റ്റിന്‍ഡീസ് പോരാട്ടം; കാര്യവട്ടത്തേക്ക് ക്രിക്കറ്റ് വീണ്ടും തിരിച്ചെത്തുന്നു

ടി20 ലോകകപ്പിന് ശേഷം നാട്ടില്‍ വച്ച് നടക്കുന്ന ഇന്ത്യയുടെ മത്സര പരമ്പരകളുടെ ഫിക്സ്ചര്‍ പുറത്ത് വിട്ടു. തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലേക്ക് ക്രിക്കറ്റ് തിരിച്ചെത്തുന്നുവെന്നത് കേരളത്തിലെ ക്രിക്കറ്റ് പ്രേമികള്‍ക്ക് ആവേശം സമ്മാനിച്ചിട്ടുണ്ട്. ന്യൂസിലന്‍ഡ്, വെസ്റ്റിന്‍ഡീസ്, ശ്രീലങ്ക‌, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങള്‍ക്കെതിരെ നടക്കുന്ന പരമ്പരകളുടെ മത്സരക്രമമാണ് പുറത്ത് വിട്ടിരിക്കുന്നത്. മൊത്തം 13 ടി20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളും നാല് ടെസ്റ്റുകളുമാണ് ഇന്ത്യ കളിക്കുക. ഇതില്‍ വെസ്റ്റിന്‍ഡീസിനെതിരായ മൂന്ന് മത്സര ടി20 പരമ്പരയിലെ അവസാന മത്സരം തിരുവനന്തപുരത്താണ് നടക്കുക. അടുത്ത വര്‍ഷം ഫെബ്രുവരി 20 നാണ് ഈ മത്സരം. 

ന്യൂസിലന്‍ഡിനെതിരെ നടക്കുന്ന ടി20 പരമ്പരയോടെയാണ് ഇന്ത്യയുടെ ഹോം സീസണ് തുടക്കമാവുന്നത്. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. നവംബര്‍ 17ന് ജയ്പൂരിലാണ് ആദ്യ മത്സരം. 19ന് റാഞ്ചിയില്‍ രണ്ടാം ടി20യും 21 കൊല്‍ക്കത്തയില്‍ മൂന്നാം ടി20 മത്സരവും നടക്കും. പിന്നാലെ രണ്ട് മത്സരങ്ങള്‍ അടങ്ങുന്ന ടെസ്റ്റ് പരമ്പരയും കളിക്കും. 25ന് കാണ്‍പൂരിലും ഡിസംബര്‍ മൂന്നിന് മുംബൈയിലുമാണ് ടെസ്റ്റ്.

ഫെബ്രുവരിയില്‍ ശ്രീലങ്കയും ഇന്ത്യന്‍ പര്യടനത്തിനെത്തും. രണ്ട് ടെസ്റ്റും മൂന്ന് ഏകദിനവുമാണ് ശ്രീലങ്ക കളിക്കുക. ഫെ­ബ്രുവരി 25ന് ബംഗളൂരുവിലാണ് ആദ്യ ടെസ്റ്റ്. രണ്ടാം ടെസ്റ്റ് മാര്‍ച്ച് അഞ്ച് മുതല്‍ മൊഹാലിയില്‍ നടക്കും. ഈ 13ന് ആദ്യ ടി20യ്ക്കും മൊഹാലി വേദിയാകും. രണ്ടാം ടി20 ധര്‍മശാലയിലും (മാര്‍ച്ച് 15), മൂന്നാം ടി20 ലഖ്‌നൗ (മാര്‍ച്ച് 18)വിലും നടക്കും. ഐപിഎല്ലിന് ശേഷം ജൂണ്‍ ഒന്‍പതിന് ദക്ഷിണാഫ്രിക്കയും ഇന്ത്യയും തമ്മിലുള്ള പരമ്പര തുടങ്ങും. അഞ്ച് മത്സര ടി20 പരമ്പരയിലാണ് ഇരു ടീമുകളും തമ്മില്‍ ഏറ്റുമുട്ടുക.

ENGLISH SUMMARY:India x West Indies fight; Crick­et is back to normal
You may also like this video

Exit mobile version