Site icon Janayugom Online

ശക്തിപ്രകടനത്തോടെ പിറന്നാൾ ആഘോഷിച്ച് വ്യോമസേന

ആകാശയുദ്ധത്തിലെ ശക്തിപ്രകടനത്തോടെ 89-ാം പിറന്നാൾ ആഘോഷിച്ച് ഇന്ത്യൻ വ്യോമസേന. വിപുലമായ വ്യോമാഭ്യാസത്തോടെ വായുസേനാ ദിനം ഹിന്ദന്‍ വ്യോമത്താവളത്തില്‍ ആഘോഷിച്ചു. 

1932 ഒക്ടോബർ എട്ടിന് രൂപികരിക്കപ്പെട്ട ഇന്ത്യൻ വ്യോമസേന ഇന്ന് ഏകദേശം 1,70,000 അംഗബലമുള്ള ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ വായുസേനയാണ്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം പ്രമാണിച്ച് 75 വിമാനങ്ങള്‍ അണിനിരന്നതായിരുന്നു വ്യോമാഭ്യാസ പ്രകടനം. പഴയകാലത്തെ സ്മരണപുതുക്കി ഡോണിയര്‍, ഡക്കോട്ട മുതല്‍ പ്രഹരശേഷി വിളിച്ചോതി ഏറ്റവും പുതിയ തേജസ്, റഫാല്‍ തുടങ്ങിയ വിമാനങ്ങള്‍ വരെ അഭ്യാസത്തില്‍ പങ്കെടുത്തു. 

എഎന്‍32 വിമാനങ്ങള്‍ ഉള്‍പ്പെടുത്തി ആകാശഗംഗ ടീമിന്റെ പ്രകടനത്തോടെയാണ് എയര്‍ ഷോ ആരംഭിച്ചത്. തുടര്‍ന്ന് 1971 ലെ യുദ്ധത്തിലെ താംഗെയ്ല്‍ എയര്‍ഡ്രോപ്പ് അനുസ്മരിപ്പിച്ചുകൊണ്ട് ഡക്കോട്ട വിമാനങ്ങള്‍ പറന്നുയര്‍ന്നു. ആറ് ഹണ്ടര്‍ വിമാനങ്ങള്‍ ‘വിനാശ്’ ഫോര്‍മേഷനില്‍ എത്തിയത് 1971ലെ ലോംഗെവാല യുദ്ധത്തിന്റെ അനുസ്മരണമായി. 

ചിനൂക്ക് ഹെലികോപ്ടറുകളുടെ ‘മേഘ്ന’ ഫോര്‍മേഷന്‍, അപ്പാഷെ ഹെലികോപ്ടറുകളുടെ ‘ഏകലവ്യ’ ഫോര്‍മേഷന്‍, 1971 ല്‍ ഇന്ത്യയെ നയിച്ച വ്യോമസേനാ മേധാവി പ്രതാപ് ചന്ദ്രലാലിന്റെ പേരിലുള്ള ‘പ്രതാപ്’ ഫോര്‍മേഷന്‍ എന്നിവ ശ്രദ്ധേയമായി. രണ്ട് ഡോണിയര്‍ വിമാനങ്ങളും ഒരു ഡക്കോട്ട വിമാനവുമാണ് പ്രതാപ് ഫോര്‍മേഷനില്‍ അണിനിരന്നത്. 

സൂര്യകിരണ്‍, സാരംഗ് ടീമുകളും വ്യോമാഭ്യാസത്തിന്റെ ഭാഗമായി. സി130 ജെ സൂപ്പര്‍ ഹെര്‍ക്കുലീസ്, സി 17 ഗ്ലോബ് മാസ്റ്റര്‍, എസ് യു-30, ഹോക്, ജാഗ്വര്‍, എംഐ‑29, മിഗ് 21 ബൈസന്‍, മിറാഷ്-200 തുടങ്ങിയ വിമാനങ്ങളും പങ്കെടുത്തു. വ്യോമസേനാ മേധാവി വി ആര്‍ ചൗധരി സേനാംഗങ്ങളെ അഭിസംബോധന ചെയ്തു.

Eng­lish Sum­ma­ry : indi­an air­force foun­da­tion day celebration

You may also like this video :

Exit mobile version