Site iconSite icon Janayugom Online

ബംഗ്ലാദേശിന് ഹസ്തദാനം വേണ്ട; വിസമ്മതിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ ആയുഷ് മാത്രെ

അണ്ടര്‍ 19 ലോകകപ്പില്‍ ബംഗ്ലാദേശ് ക്യാപ്റ്റന് ഹസ്തദാനം ചെയ്യാന്‍ വിസമ്മതിച്ച് ഇന്ത്യന്‍ നായകന്‍ ആയുഷ് മാത്രെ. ടോസ് സമയത്ത് താരം കൈകോടുക്കാൻ വിസമ്മതിക്കുകയായിരുന്നു. സ്ഥിരം ക്യാപ്റ്റന്‍ മുഹമ്മദ് അസീസുല്‍ ഹക്കീം തമീമിന് സുഖമില്ലാത്തതിനാല്‍ വൈസ് ക്യാപ്റ്റന്‍ സവാദ് അബ്രാറാണ് ടോസിനെത്തിയത്. എന്നാല്‍ ഇരു ക്യാപ്റ്റന്മാറും ഹസ്തദാനം ചെയ്തില്ല. പൊതുജനാഭിപ്രായം മാനിച്ച് മുസ്തഫിസുറിനെ ടീമില്‍ നിന്ന് ഒഴിവാക്കണമെന്ന് കൊല്‍ക്കത്തയോട് നിര്‍ദ്ദേശിച്ചതായി ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ വെളിപ്പെടുത്തി. ഇതോടെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രതികാര നടപടികളും ആരംഭിച്ചു. സുരക്ഷാ ആശങ്കകള്‍ ചൂണ്ടിക്കാട്ടി 2026 ലെ ടി20 ലോകകപ്പിനായി ഇന്ത്യയിലേക്ക് പോകില്ലെന്ന് ബംഗ്ലാദേശ് ഭീഷണിപ്പെടുത്തി. തങ്ങളുടെ വേദി ഇന്ത്യയില്‍ നിന്ന് ശ്രീലങ്കയിലേക്ക് മാറ്റണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ആഴ്ചകളായി തുടരുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കിടയിലാണ് ഇരു ടീമിന്റേയും നിലപാട്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് താരലേലത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ബംഗ്ലാദേശ് ബൗളര്‍ മുസ്തഫിസുര്‍ റഹ്മാനെ സ്വന്തമാക്കിയിടത്ത് നിന്നാണ് ക്രിക്കറ്റിലെ പ്രശ്‌നങ്ങള്‍ തുടങ്ങിയത്. അയല്‍രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കെതിരെ അക്രമങ്ങള്‍ നടക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയില്‍, ബംഗ്ലാദേശ് ഫാസ്റ്റ് ബൗളറെ ഇന്ത്യയില്‍ കളിക്കാന്‍ അനുവദിക്കുന്നതിനെ വലിയൊരു വിഭാഗം എതിര്‍ത്തിരുന്നു. വേദിയെ ചൊല്ലി തര്‍ക്കമായതോടെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ ഇടപെടാന്‍ നിര്‍ബന്ധിതരായി. ലോകകപ്പില്‍ ബംഗ്ലാദേശിന്റെ പങ്കാളിത്തം സംബന്ധിച്ച് നേരിട്ട് ചര്‍ച്ചകള്‍ നടത്താന്‍ ഐസിസിയുടെ ഒരു പ്രതിനിധി സംഘം ഉടന്‍ തന്നെ ബംഗ്ലാദേശ് സന്ദര്‍ശിക്കും.

Exit mobile version