സൈനിക അട്ടിമറി നടന്ന നൈജറിൽ നിന്ന് ഇന്ത്യൻ പൗരന്മാർ എത്രയും വേഗം വിട്ടു പോകണമെന്ന നിർദേശവുമായി വിദേശകാര്യ മന്ത്രാലയം. തലസ്ഥാനമായ നിയാമിയിലേക്ക് പോകാൻ പദ്ധതിയിടുന്നവർ യാത്ര പുനഃപരിശോധിക്കാനും ഇന്ത്യൻ സർക്കാർ സ്ഥിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. ഏകദേശം 250 ഇന്ത്യക്കാർ നൈജറിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇവരെ തിരികെ കൊണ്ട് വരാനായി നിയാമിയിലെ ഇന്ത്യൻ എംബസിയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അരിന്ദം ബാഗ്ചി വ്യക്തമാക്കി.
നിലവിലെ സാഹചര്യത്തിൽ അവിടെ തുടരാൻ അത്യാവശ്യമില്ലാത്ത ഇന്ത്യൻ പൗരന്മാർ എത്രയും വേഗം രാജ്യം വിടണം. അതിർത്തിയിലൂടെ യാത്ര പുറപ്പെടുന്നവർ സുരക്ഷ ഉറപ്പാക്കാനായി പരമാവധി മുൻ കരുതലുകൾ സ്വീകരിക്കണം. സ്ഥിഗതികൾ സാധാരണ സ്ഥിതിയിൽ ആകുന്നത് വരെ യാത്രകൾ പുനഃപരിശോധിക്കാൻ നിർദേശിക്കുകയാണെന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. നിയാമിയിലുള്ള എംബസിയിൽ രജിസ്റ്റർ ചെയ്തിട്ടില്ലാത്ത ഇന്ത്യൻ പൗരന്മാർ അത് വേഗത്തിൽ പൂർത്തിയാക്കണമെന്നും വിദേശകാര്യമന്ത്രാലയം നിർദേശിച്ചു.
നിയാമിയിലെ ഇന്ത്യൻ എംബസിയിൽ അടിയന്തര ആവശ്യങ്ങള്‍ക്ക് 22799759975 എന്ന നമ്പരിൽ ബന്ധപ്പെടാം. നൈജറിൽ നിന്ന് ഇന്ത്യക്കാർ അടക്കം 992 വിദേശ പൗരന്മാരെ ഫ്രഞ്ച് ഭരണകൂടം ഒഴിപ്പിച്ചിരുന്നു. കഴിഞ്ഞ മാസം 26 നാണ് നൈജറിലെ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് ബാസൂമിനെ അട്ടിമറിച്ച് സൈന്യം ഭരണം പിടിച്ചെടുത്തത്. തൊട്ട് പിന്നാലെ രാജ്യ തലവനായി സ്വയം പ്രഖ്യാപിച്ച് സൈനിക ജനറല്‍ അബ്ദൗറഹ്മാന്‍ ചിയാനിയും രംഗത്തെത്തി.
2011 മുതൽ പ്രസിഡൻഷ്യൽ ഗാർഡിന്റെ ചുമതല വഹിക്കുന്ന ആളാണ് ജനറൽ ചിയാനി. അരക്ഷിതാവസ്ഥ, സാമ്പത്തിക പ്രതിസന്ധി, അഴിമതി തുടങ്ങിയ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു പട്ടാള അട്ടിമറി.
ആഫ്രിക്കൻ യൂണിയൻ, വെസ്റ്റ് ആഫ്രിക്കൻ റീജിയണൽ ബ്ലോക്ക് (ഇക്കോവാസ്), യൂറോപ്യൻ യൂണിയൻ, ഐക്യരാഷ്ട്ര സഭ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സമൂഹം അട്ടിമറിയെ അപലപിച്ച് രംഗത്ത് വന്നിരുന്നു. പ്രസിഡന്റ് ഭരണം പുനഃസ്ഥാപിക്കണമെന്നും അല്ലാത്ത പക്ഷം സെെനിക ഇടപെടല്‍ നടത്തുമെന്നും ഇക്കോവാസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
English Summary: Indian citizens of Niger advised to leave the country
You may also like this video