Site iconSite icon Janayugom Online

ഇന്ത്യയില്‍ കാപ്പിക്ക് പ്രിയമേറുന്നു ; 2022 ല്‍ മാത്രം ഉപയോഗിച്ചത് 60 കിലോയുടെ 12.1 ലക്ഷം ബാഗുകള്‍ 

ഇന്ത്യയില്‍ കാപ്പിക്ക് പ്രിയമേറുന്നു. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ കാപ്പി ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വലിയ രീതിയിലുള്ള വര്‍ധനയുണ്ടായെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇന്ത്യന്‍ കോഫി മാര്‍ക്കറ്റ് റിപ്പോര്‍ട്ട് 2022ലാണ് ഇതുസംബന്ധിച്ച വിവരങ്ങളുള്ളത്.
ജീവിത നിലവാരത്തിലുണ്ടായ വളര്‍ച്ച, കാപ്പി സംസ്കാരത്തിന്റെ സ്വാധീനം തുടങ്ങിയവയെല്ലാം കാപ്പിയുടെ ഉപഭോഗം വര്‍ധിക്കുന്നതിന് കാരണമായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. രൂചി വൈവിധ്യത്തിന്റെ സ്വാധീനം, മുന്‍ഗണന തുടങ്ങിയവയെല്ലാം കാപ്പിയുടെ ആഭ്യന്തര ഉപഭോഗം ഉയരുന്നതിനിടയാക്കി.
കഴിഞ്ഞ രണ്ട് വര്‍ഷത്തെ അപേക്ഷിച്ച് കാപ്പിയുടെ ചില്ലറ വില്പനയില്‍ 20 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2021ല്‍ 1700 കോടിയുടെ വിപണിയാണ് കാപ്പിക്കുണ്ടായിരുന്നത്. എന്നാല്‍ അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ കാപ്പിയുടെ സംയോജിത വാര്‍ഷിക വളര്‍ച്ച (സിഎജിആര്‍) 20 ശതമാനത്തിലധികം വര്‍ധിച്ചേക്കുമെന്നാണ് കണക്കാക്കുന്നത്. 2022ല്‍ മാത്രം 60 കിലോയുള്ള 12.1 ലക്ഷം ബാഗ് കാപ്പിയാണ് ഉപയോഗിച്ച് തീര്‍ത്തത്.
രാജ്യവ്യാപകമായി ആരംഭിച്ച കോഫി ഷോപ്പ് ചെയിനുകളും കഫേകളും മറ്റുമാണ് വിപണിയുടെ വളര്‍ച്ചയ്ക്ക് കാരണമായത്. ഇന്‍സ്റ്റന്റ് കാപ്പിയുടെ പ്രാധാന്യം വര്‍ധിച്ചതും കാപ്പിയുടെ പ്രചാരത്തിന് അനുകൂലമായെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
Eng­lish Sum­ma­ry: India Cof­fee Mar­ket Report
You may also like this video
Exit mobile version