Site iconSite icon Janayugom Online

റഷ്യന്‍ എണ്ണ വാങ്ങല്‍ നിര്‍ത്തി ഇന്ത്യന്‍ കമ്പനികള്‍

റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തി ഇന്ത്യന്‍ എണ്ണ കമ്പനികള്‍. ഇന്ത്യന്‍ ഓയിലും ഭാരത് പെട്രോളിയവും റിലയന്‍സും ഏപ്രില്‍ മാസത്തേക്കുള്ള ഓര്‍ഡറുകള്‍ സ്വീകരിക്കുന്നില്ല. ഇന്ത്യ റഷ്യൻ എണ്ണ വാങ്ങൽ നിർത്തുമെന്ന് ഉറപ്പ് നൽകിയതിനെ തുടർന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയിൽ നിന്നുള്ള എല്ലാ ഇറക്കുമതികളിലും ഏർപ്പെടുത്തിയിരുന്ന 25 ശതമാനം അധിക തീരുവ പിൻവലിക്കുന്ന ഉത്തരവിൽ ഒപ്പുവച്ചത്.
എണ്ണ ശുദ്ധീകരണ കമ്പനികൾക്ക് ഇതുവരെ ഔദ്യോഗിക ഉത്തരവ് ലഭിച്ചിട്ടില്ലെങ്കിലും, റഷ്യയിൽ നിന്നുള്ളഎണ്ണ വാങ്ങൽ പതിയെ കുറയ്ക്കാൻ അനൗദ്യോഗികമായി നിർദേശം നൽകിയിട്ടുണ്ട്. ഇതിനകം നൽകിയ ഓർഡറുകൾ കമ്പനികൾ പാലിക്കും . ഇനി പുതിയ ഓർഡറുകൾ നൽകില്ല.കഴിഞ്ഞ വർഷം അമേരിക്ക റഷ്യൻ എണ്ണ കയറ്റുമതിക്കാർക്ക് മേൽ ഉപരോധം ഏർപ്പെടുത്തിയതിന് പിന്നാലെ ഹിന്ദുസ്ഥാൻ പെട്രോളിയം, മംഗലൂർ റിഫൈനറി, എച്ച്പിസിഎൽ–മിത്തൽ എനർജി തുടങ്ങിയ സ്ഥാപനങ്ങൾ റഷ്യൻ എണ്ണ വാങ്ങൽ നിർത്തിയിരുന്നു.
ഇന്ത്യയിൽ റഷ്യൻ എണ്ണ ഏറ്റവും കൂടുതൽ വാങ്ങിയിരുന്ന റിലയൻസ് ഇൻഡസ്ട്രീസ് അടുത്ത ദിവസങ്ങളിൽ ലഭിക്കാനുള്ള ചരക്ക് എത്തിയ ശേഷം വാങ്ങൽ നിർത്താനാണ് സാധ്യത. എന്നാൽ നയാര എനർജി എന്ന കമ്പനി മാത്രം താൽക്കാലികമായി റഷ്യൻ എണ്ണ വാങ്ങൽ തുടരും. റഷ്യൻ കമ്പനിക്ക് വലിയ ഓഹരി പങ്കാളിത്തമുള്ളതിനാൽ യൂറോപ്യൻ യൂണിയനും ബ്രിട്ടനും ഈ സ്ഥാപനത്തിന് ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് മറ്റ് രാജ്യങ്ങളിലെ വിതരണക്കാർ നയാരയുമായി ഇടപാടിന് തയ്യാറാകുന്നില്ല. ഈ പ്രത്യേക സാഹചര്യം അമേരിക്കയെ ഇന്ത്യ അറിയിച്ചതായി വൃത്തങ്ങൾ പറഞ്ഞു.

Exit mobile version