Site iconSite icon Janayugom Online

മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ഏജൻ്റുമാരെ സമീപിക്കരുതെന്ന് പ്രവാസികളോട് ഇന്ത്യൻ കോൺസുലേറ്റ്

ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് മരിച്ച പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. രക്തബന്ധത്തിൽ ഉള്ളവർക്കോ അധികാരമുള്ള വ്യക്തിക്കോ മാത്രമേ ആവശ്യമായ രേഖകൾ റദ്ദാക്കാനും പേപ്പറുകളിൽ ഒപ്പിടാനും കഴിയൂ എന്നതാണ് കോൺസുലേറ്റ് പുറത്തിറക്കിയ നിയമത്തിൽ പ്രധാനമായും ഉള്ളത്. മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുപോകുന്നതിന് ഇന്ത്യൻ കോൺസുലേറ്റിൽ നിന്ന് ഫണ്ട് അനുവദിക്കുന്നതിന് പഞ്ചായത്ത് ഓഫീസുകൾ ഉൾപ്പെടെ ഇന്ത്യയിലെ അഞ്ച് വ്യത്യസ്ത അധികാരികളിൽ നിന്ന് ഒപ്പ് ആവശ്യപ്പെടുന്ന മറ്റൊരു നിയമവും പുതിയതായി കോൺസുലേറ്റ് പുറത്തിറക്കിയിട്ടുണ്ട്.

ചില സംഭവങ്ങൾക്ക് ശേഷമാണ് ഈ തീരുമാനങ്ങൾ എടുത്തതെന്ന് കോൺസുലേറ്റിൻ്റെ പ്രസ് വിംഗ് മാധ്യമങ്ങൾക്ക് നൽകിയ പ്രസ്താവനയിൽ പറഞ്ഞു. മരിച്ച പ്രവാസികളുടെ മൃതദേഹങ്ങൾ സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിനായി ഏജൻ്റുമാർ കുടുംബങ്ങളെ ചൂഷണം ചെയ്ത നിരവധി കേസുകൾ കോൺസുലേറ്റിൽ ഉണ്ടായിട്ടുണ്ട് എന്ന് അതിൽ പറയുന്നു. കോൺസുലേറ്റ് അംഗീകൃത നിരക്കുകൾക്ക് പകരം അമിത തുക ഈടാക്കുന്ന വഞ്ചകരായ ഏജൻ്റുമാരെ കുറിച്ച് അറിഞ്ഞിരിക്കണമെന്ന് ഞങ്ങൾ പ്രവാസികളോട് അഭ്യർത്ഥിക്കുന്നുവെന്നും കോൺസുലേറ്റ് പ്രസ്താവനയിൽ പറഞ്ഞു. 

എല്ലാ എമിറേറ്റുകളിമുള്ള കമ്മ്യൂണിറ്റി അസോസിയേഷനുകളുടെ ഒരു പാനൽ കോൺസുലേറ്റിനുണ്ട് അവർ സേവന നിരക്കില്ലാതെ കുടുംബങ്ങൾക്ക് ഈ സേവനങ്ങൾ നൽകുന്നുണ്ട്. മാർഗനിർദേശത്തിനും സൗകര്യത്തിനും കുടുംബങ്ങൾക്ക് 0507347676 / 80046342 ഈ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. ചാരിറ്റി എന്നപേരിൽ വർഷങ്ങളായി ചിലർ പ്രവാസികളെയും കുടുംബങ്ങളെയും കബളിപ്പിക്കുകയാണ്. യഥാർത്ഥത്തിൽ ഇത്തരക്കാരുടെ കണ്ണ് പ്രവാസികളുടെ മൃതദേഹം നാട്ടിൽ കൊണ്ടുപോവുന്നതിനായി കോൺസുലേറ്റ് അനുവദിക്കുന്ന വലിയ തുകയിലാണ്. ഇന്ത്യക്കാരായ പ്രവാസികളുടെ മൃതദദേഹം നാട്ടിലെത്തിക്കാൻ ഇന്ത്യൻ കോൺസുലേറ്റ് പണം അനുവദിക്കുന്ന വിവരം ഭൂരിഭാഗം പ്രവാസികൾക്കും അവരുടെ കുടുംബങ്ങൾക്കും അറിയില്ല എന്നത് ചിലർ ദുരിപയോഗം ചെയ്യുന്നുണ്ട്. കോൺസുലേറ്റിന്റെ പുതിയ തീരുമാനം ഇത്തരത്തിലുള്ള തട്ടിപ്പുകാരുടെ പിടിയിൽ നിന്നും പ്രവാസി കുടുംബങ്ങളെ രക്ഷിക്കുമെന്നും ഉറപ്പാണ്.

Exit mobile version