Site iconSite icon Janayugom Online

ദമ്മാമിലെ ഇന്ത്യന്‍ വിദ്യാഭ്യാസ മേഖല നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിയ്ക്കാൻ ഇന്ത്യൻ എംബസ്സി ഇടപെടുക: നവയുഗം 

dammamdammam

മാനേജ്‌മെന്റിന്റെ പിടിപ്പുകേട് കാരണം പുതിയ അധ്യയന വർഷാരംഭം മുതൽ ദമ്മാം ഇന്റർനാഷണൽ ഇന്ത്യൻ സ്ക്കൂൾ വിദ്യാർത്ഥികളും, രക്ഷകർത്താക്കളും അദ്ധ്യാപകരും നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിയ്ക്കാൻ സൗദി ഇന്ത്യൻ എംബസ്സി അടിയന്തരമായി ഇടപെടണമെന്ന് നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു. സ്ക്കൂൾ തുറന്നു ഒരാഴ്ച കഴിഞ്ഞിട്ടും പാഠപുസ്തക വിതരണം കാര്യക്ഷമമായി നടത്താൻ മാനേജ്‌മെന്റിന് കഴിയാത്തതിനാൽ രക്ഷിതാക്കൾ നട്ടം തിരിയുകയാണ്.

ദിവസവും മണിക്കൂറുകളോളം രക്ഷിതാക്കൾ സ്ക്കൂൾ സ്റ്റോറിന്റെ മുന്നിൽ ക്യൂ നിൽക്കുന്ന കാഴ്ച ദയനീയമാണ്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ പ്രവാസം അവസാനിപ്പിച്ച് പോയ അധ്യാപകർക്ക് പകരമായി സ്ക്കൂളിൽ പുതിയ  അധ്യാപകരെ നിയമിയ്ക്കാത്തതിനാൽ പല ക്‌ളാസ്സുകളിലും പഠിപ്പിയ്ക്കാൻ ഇപ്പോൾ അധ്യാപകർ തികയാത്ത അവസ്ഥയാണ്. ഉള്ള അധ്യാപകരെ വെച്ച് അഡ്ജസ്റ്റ് ചെയ്യാനുള്ള മാനേജ്‌മെന്റിന്റെ തത്രപ്പാടിൽ വലയുന്നത് നിലവിലുള്ള അധ്യാപകരും, വിദ്യാർത്ഥികളുമാണ്. ഒരു ക്‌ളാസിൽ ഒരു വിഷയത്തിന് അധ്യാപകർ ദിവസവും മാറി പുതിയ ആൾ വരിക, ഒരേ ക്‌ളാസ്സിലെ ഒരു വിഷയം ഒന്നിലധികം അധ്യാപകർക്ക് വീതിച്ചു കൊടുക്കുക തുടങ്ങിയ പല വിദ്യകളും മാനേജ്‌മെന്റ് പ്രയോഗിയ്ക്കുമ്പോൾ, ക്‌ളാസ്സുകളിൽ അനിശ്ചിതത്വം നിറയുകയാണ്. സ്ക്കൂളിൽ നിന്ന് വിട വാങ്ങുന്ന അധ്യാപകര്‍ക്ക് പകരമായി പുതിയ അധ്യാപകരെ നിയമിയ്ക്കാൻ മാനേജ്‌മെന്റ് കാണിയ്ക്കുന്ന അമാന്തം ചോദ്യം ചെയ്യപ്പെടേണ്ടതാണ്.

ഓൺലൈൻ ആയി ഫീസ് അടക്കുകയും ആ വിവരം ഒരു ഇമെയിൽ ആയി അയച്ചാൽ സ്‌കൂൾ റെക്കാർഡുകളിൽ വരവ് വയ്ക്കുകയും ചെയ്യുന്ന സംവിധാനം മുൻപൊക്കെ വളരെ കാര്യക്ഷമമായി പ്രവർത്തിച്ചിരുന്നു.
എന്നാൽ ഇപ്പോൾ അക്കൗണ്ട്സ് ഡിപ്പാർട്മെന്റിന്റെ അനാസ്ഥ കാരണം ഓൺലൈൻ ആയി ഫീസ് അടച്ച രക്ഷിതാക്കൾ പോലും ആ ട്രാൻസാക്ഷൻ സ്ക്കൂൾ റെക്കോർഡുകളിൽ വരവ് വയ്ക്കാൻ വേണ്ടി രസീതുമായി സ്ക്കൂളിലെ അക്കൗണ്ട്സ് സെക്ഷനിൽ വന്ന് ക്യൂ നിൽക്കേണ്ട ഗതികേടിലാണ്. സ്ക്കൂളിൽ മാസംതോറും വിദ്യാർത്ഥികളിൽ നിന്നും ഫീസ് പിരിച്ചെടുക്കുന്നതിൽ വളരെ കടുത്ത നിലപാടാണ് ഇപ്പോൾ മാനേജ്‌മെന്റ് കൈകൊണ്ടിട്ടുള്ളത്. വെറും ഒരു മാസത്തെ ഫീസ് കുടിശ്ശിക വന്ന വിദ്യാർത്ഥികൾക്ക് പോലും പ്രോഗ്രസ്സ് കാർഡ് നിഷേധിച്ച സംഭവം ഉണ്ടായിട്ടുണ്ട്. കുടിശ്ശിക ഫീസ്  അടയ്ക്കാത്തതും  ഫീസ് അടിക്കുന്നതിൽ താമസം വന്നവരുമായ പാവപ്പെട്ട വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് നേരെ വരെ മനുഷ്യത്വരഹിതമായ നിലപാട് എടുത്തു ഫീസ് പിരിച്ചെടുക്കാൻ മടിയ്ക്കാത്ത സ്ക്കൂൾ മാനേജ്‌മെന്റ്, വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ഇത്തരം ബുദ്ധിമുട്ടുകൾ പരിഹരിയ്ക്കാൻ ബാധ്യസ്ഥരാണ്. നിർഭാഗ്യവശാൽ അത് ഉണ്ടാകുന്നില്ല. ഈ സാഹചര്യത്തിൽ ഇത്തരം പ്രശ്നങ്ങളൊക്കെ പരിഹരിയ്ക്കാൻ ഇന്ത്യൻ എംബസ്സിയുടെ അടിയന്തരഇടപെടൽ സ്ക്കൂളിന്റെ വിഷയത്തിൽ ഉണ്ടാകണമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു.
ഇക്കാര്യം ഇന്ത്യൻ അംബാസ്സിഡറുടെ ശ്രദ്ധയിൽപ്പെടുത്താൻ വേണ്ട നടപടികൾ സ്വീകരിയ്ക്കുമെന്നും നവയുഗം കേന്ദ്രകമ്മിറ്റി അറിയിച്ചു.

Eng­lish Summary:Indian Embassy inter­venes to address the dif­fi­cul­ties fac­ing the Indi­an edu­ca­tion sec­tor in Dammam: Navayugam

You may like this video also

Exit mobile version