ഇന്ത്യന്‍ കയറ്റുമതി രംഗത്തിന് വന്‍ തിരിച്ചടിയായി തേയില വിവിധ രാജ്യങ്ങള്‍ തിരിച്ചയച്ചു. അനുവദനീയമായ പരിധിയിലധികം കീടനാശിനികളുടെയും രാസവസ്തുക്കളുടെയും സാന്നിധ്യം കണ്ടെത്തിയതോടെയാണ് നടപടിയെന്ന് ഇന്ത്യൻ ടീ എക്‌സ്‌പോർട്ടേഴ്‌സ് അസോസിയേഷൻ (ഐടിഇഎ) ചെയർമാൻ അൻഷുമാൻ കനോറിയ പറഞ്ഞു. കഴിഞ്ഞദിവസം ഇന്ത്യയില്‍ നിന്നെത്തിയ ഗോതമ്പ് തുര്‍ക്കി തിരിച്ചയച്ചിരുന്നു.
രാജ്യത്ത് നിര്‍മ്മിച്ച് വില്‍ക്കുന്ന എല്ലാ തേയില ഉല്പന്നങ്ങളും ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. ആരോഗ്യ പാനീയമായി കണക്കാക്കപ്പെടുന്നതിനാൽ പല രാജ്യങ്ങളും തേയിലയുടെ ഗുണമേന്മയില്‍ കൂടുതല്‍ കർശനമായ നിബന്ധനകള്‍ നടപ്പാക്കിയിട്ടുണ്ട്.
മിക്ക രാജ്യങ്ങളും യൂറോപ്യന്‍ യൂണിയന്‍ മാനദണ്ഡങ്ങളാണ് തേയില ഗുണമേന്മയില്‍ സ്വീകരിച്ചിട്ടുള്ളത്. ഇവ എഫ്എസ്എസ്എഐ നിയമങ്ങളേക്കാൾ കൂടുതൽ കർശനമാണ്. എന്നാല്‍ തേയില നിര്‍മ്മാതാക്കള്‍ പലരും എഫ്എസ്എസ്എഐ മാനദണ്ഡങ്ങള്‍ പോലും പാലിക്കാന്‍ തയാറാകുന്നില്ല. ഇപ്പോഴും മാനദണ്ഡങ്ങളില്‍ ഇളവ് നല്കണമെന്നതാണ് നിര്‍മ്മാതാക്കളുടെ ആവശ്യം.
കഴിഞ്ഞ വര്‍ഷം ഇന്ത്യ 195.90 ദശലക്ഷം കിലോഗ്രാം തേയിലയാണ് കയറ്റുമതി ചെയ്തിട്ടുള്ളത്. കോമൺവെൽത്ത് രാജ്യങ്ങളും ഇറാനും ആയിരുന്നു പ്രധാന ഉപഭോക്താക്കള്‍. ഈ വർഷം 300 ദശലക്ഷം കിലോഗ്രാം തേയില കയറ്റുമതി ചെയ്യാനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ വ്യാപകമായി തേയില തിരിച്ചയക്കപ്പെട്ടിരിക്കുന്നത് കയറ്റുമതി ലക്ഷ്യം കൈവരിക്കുന്നതില്‍ വന്‍ തിരിച്ചടിയായി മാറിയിട്ടുണ്ട്.
English summary;Indian exports hit hard: Pesticide levels rise; Tea returned to various countries
You may also like this video;