Site iconSite icon Janayugom Online

പാക് സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തു

ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണത്തിന് ശ്രമിച്ച പാകിസ്ഥാന് അതേ നാണയത്തില്‍ മറുപടി. മിസൈല്‍ ആക്രമണത്തില്‍ അവരുടെ സൈനികത്താവളങ്ങള്‍ ഇന്ത്യ തകര്‍ത്തു. പാകിസ്ഥാനിലെ സാങ്കേതിക സംവിധാനങ്ങൾ, കമാൻഡ് ആന്റ് കൺട്രോൾ സെന്ററുകൾ, റഡാർ സൈറ്റുകൾ, ആയുധശാലകള്‍ എന്നിവ ലക്ഷ്യമാക്കിയായിരുന്നു ഇന്ത്യയുടെ തിരിച്ചടി. നാല് വ്യോമ താവളങ്ങളും രണ്ട് സൈനിക കേന്ദ്രങ്ങളും തകർത്തതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, കേണൽ സോഫിയ ഖുറേഷി, വിങ് കമാൻഡർ വ്യോമിക സിങ് എന്നിവർ സംയുക്ത വാർത്താ സമ്മേളനത്തിൽ പറഞ്ഞു. റാഫീഖി, മുരീദ്, ചക്ലാല, റഹിം യാർ ഖാൻ എന്നിവിടങ്ങളിലെ വ്യോമ താവളങ്ങൾ, സുക്കൂറിലെയും ചുനിയയിലെയും സൈനിക കേന്ദ്രങ്ങൾ, പാസ്രൂരിലെ റഡാർ സൈറ്റ്, സിയാൽകോട്ട് വ്യോമയാന താവളം എന്നിവയ്ക്ക് നേരെയായിരുന്നു ഇന്ത്യയുടെ ആക്രമണം. കഴിഞ്ഞ ദിവസങ്ങളിലേതിന് തുടര്‍ച്ചയായി ജമ്മു കശ്മീര്‍, പഞ്ചാബ്, രാജസ്ഥാന്‍, ഗുജറാത്ത് സംസ്ഥാനങ്ങളിലെ 26 ഇടങ്ങള്‍ ലക്ഷ്യമിട്ട് പാകിസ്ഥാന്‍ ഡ്രോണ്‍ ആക്രമണം നടത്തി. ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഡ്രോണുകൾ, ദീർഘദൂര ആയുധങ്ങൾ, ലോയിറ്ററിങ് അമ്യൂണിഷൻ, യുദ്ധവിമാനങ്ങൾ എന്നിവ ഉപയോ​ഗിച്ചായിരുന്നു പാകിസ്ഥാന്റെ ആക്രമണം. ഇന്ത്യ ഇവ നിർവീര്യമാക്കി. മറുപടിയായി ഡ്രോണുകൾ അയച്ച പാക് പോസ്റ്റുകളും ജമ്മുവിന് സമീപത്തെ ഭീകരവാദികളുടെ ലോഞ്ചിങ് പാഡുകളും തകർത്തു. 

ഇന്ത്യക്കുനേരെ പാകിസ്ഥാന്‍ മധ്യദൂര ബാലിസ്റ്റിക് മിസൈലായ ഫത്താ പ്രയോഗിച്ചതായി സര്‍ക്കാര്‍ സ്ഥിരീകരിച്ചു. ഡല്‍ഹി ലക്ഷ്യമിട്ടെത്തിയ മിസൈല്‍ സിര്‍സയില്‍ വച്ച് സൈന്യം വീഴ്ത്തുകയായിരുന്നു. പാകിസ്ഥാന്റെ മിക്ക ആക്രമണങ്ങളെയും ഇന്ത്യന്‍ സായുധ സേനയ്ക്ക് പരാജയപ്പെടുത്താന്‍ കഴിഞ്ഞു. എങ്കിലും ഉധംപൂര്‍, പത്താന്‍കോട്ട്, ആദംപൂര്‍, ഭുജ് വ്യോമ സ്റ്റേഷനുകളില്‍ സ്ഫോടനങ്ങളുണ്ടായി. ചില ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനവും വ്യോമ താവളങ്ങളും പവർഗ്രിഡുമെല്ലാം സുരക്ഷിതമാണ്. കൂടുതൽ സ്ഥലങ്ങളിലേക്കുള്ള പാകിസ്ഥാൻ സേനയുടെ വിന്യാസം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അതീവ ജാഗ്രത തുടരുമെന്നും സൈന്യം അറിയിച്ചു. ‘ബുൻയാനു മർസൂസ്’ എന്ന പേരില്‍ ഇന്ത്യയ്ക്കുനേരെ ആക്രമണം തുടങ്ങിയെന്ന് പാകിസ്ഥാന്‍ പ്രഖ്യാപിച്ചിരുന്നു. ‘തകർക്കാനാകാത്ത മതിൽ’ എന്നാണ് ഈ വാക്കിന്റെ അര്‍ത്ഥം. യുദ്ധക്കപ്പലുകള്‍ തന്ത്രപ്രധാന ഇടങ്ങളില്‍ വിന്യസിച്ചെന്നും പാകിസ്ഥാന്‍ പറയുന്നു. സംഘർഷ പശ്ചാത്തലത്തിൽ പാക് വ്യോമാതിർത്തിയില്‍ എല്ലാത്തരം വിമാനങ്ങളെയും വിലക്കിയിരുന്നു. 

Exit mobile version