Site iconSite icon Janayugom Online

ഇന്ത്യന്‍ സ്വര്‍ണാഭരണങ്ങള്‍ക്ക് യുഎസില്‍ പ്രിയമേറെ

goldgold

ഇന്ത്യന്‍ സ്വര്‍ണാഭരണങ്ങള്‍ക്ക് ഏറ്റവും പ്രിയം അമേരിക്കയില്‍. ഇന്ത്യയിൽ നിന്ന് ഏറ്റവുമധികം സ്വർണാഭരണങ്ങൾ കയറ്റുമതി ചെയ്യുന്നത് അമേരിക്കയിലേക്കാണ്. യുഎഇയെ മറികടന്നാണ് അമേരിക്കയുടെ നേട്ടം. ചൈനീസ് സ്വർണാഭരണങ്ങൾക്ക് അമേരിക്കയിൽ അധിക ചുങ്കം ഏര്‍പ്പെടുത്തിയതോടെയാണ് ഇന്ത്യന്‍ സ്വര്‍ണത്തിന് ആവശ്യക്കാരേറിയത്. കൂടാതെ യുഎഇയില്‍ 2017ല്‍ അഞ്ച് ശതമാനം ഇറക്കുമതി ചുങ്കവും 2018ല്‍ അഞ്ച് ശതമാനം വാറ്റും ഏര്‍പ്പെടുത്തിയതാണ് മറ്റൊരു കാരണം. 

2022 മേയിലെ ഇന്ത്യ‑യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ അനുസരിച്ച് യുഎഇയിലേക്ക് അയക്കുന്ന 90 ശതമാനം ഉല്പന്നങ്ങളും നികുതി വിമുക്തമാക്കുകയും അവിടെ നിന്ന് വീണ്ടും കയറ്റുമതി നടക്കുകയും ചെയ്യുന്നതിനാൽ ഇന്ത്യയിൽ നിന്നുള്ള സ്വർണാഭരണ കയറ്റുമതി ഇനിയും വർധിക്കുമെന്ന് വേൾഡ് ഗോൾഡ് കൗൺസിലിന്റെ ജ്വല്ലറി ഡിമാൻഡ് ആന്റ് ട്രേഡ് എന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വർഷങ്ങൾക്കിടയിൽ ഇന്ത്യയുടെ സ്വർണാഭരണവിപണിയിൽ വന്നിരിക്കുന്ന വന്ന മാറ്റങ്ങളും റിപ്പോർട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.

ഇന്ത്യയിലെ സ്വർണ വിപണി വിഹിതത്തിന്റെ 50–55 ശതമാനവും വിവാഹ സ്വർണാഭരണങ്ങളിലാണ്. സാധാരണ സ്വർണാഭരണങ്ങൾ വിപണി വിഹിതത്തിന്റെ 80–85 ശതമാനവും ദിവസവും ഉപയോഗിക്കുന്ന ആഭരണങ്ങൾ വിപണിയുടെ 40–45 ശതമാനവും നിലനിർത്തുന്നുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ലോക സ്വർണാഭരണ വിപണിയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഉപഭോക്താവ് എന്ന നിലയിൽ ഇന്ത്യ വിപണില്‍ ശക്തിസ്തംഭമായി നിലകൊള്ളുകയാണെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ ഇന്ത്യ റീജണൽ സിഇഒ പി ആർ സോമസുന്ദരൻ പറഞ്ഞു. 

Eng­lish Sum­ma­ry: Indi­an gold jew­el­ery is very pop­u­lar in the US

You may also like this video

Exit mobile version