വിസ പുതുക്കലിനായി ഇന്ത്യയിലേക്ക് മടങ്ങിയെത്തിയവർക്ക് യുഎസിലേക്ക് മടങ്ങാനാകുന്നില്ല. മടങ്ങാനാകാതെ പ്രതിസന്ധിയിൽ. എച്ച്1 ബി വിസ പുതുക്കുന്നതിനായി ഇന്ത്യയിലെത്തിയ ആയിരക്കണക്കിന് ഇന്ത്യൻ പ്രൊഫഷണലുകളാണ് അപ്രതീക്ഷിതമായി ഏർപ്പെടുത്തിയ കടുത്ത വിസ പരിശോധനാ നിയമങ്ങൾ കാരണം പ്രതിസന്ധിയിലായത്. ഹൈദരാബാദ്, ചെന്നൈ കോൺസുലേറ്റുകളിലുൾപ്പെടെ ഇത്തരത്തിൽ നിരവധി അപ്പോയിന്റ്മെന്റുകൾ റദ്ദാക്കിയിട്ടുണ്ട്. പല അപേക്ഷകരുടെയും ഡിസംബർ സ്ലോട്ടുകൾ 2026 മാര്‍ച്ചിലേക്ക് മാറ്റി. തൊഴിൽ വിസയായ എച്ച്1ബിക്ക് അപേക്ഷിക്കുന്നവരും എച്ച്4 വിസയ്ക്ക് അപേക്ഷിക്കുന്ന ആശ്രിതരും സാമൂഹികമാധ്യമ അക്കൗണ്ടുകൾ ആർക്കും കാണാവുന്ന വിധത്തിൽ പരസ്യമാക്കണം എന്ന പുതിയ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് നയമാണ് ആശങ്കയ്ക്ക് കാരണം.
30–40നുമിടയിൽ പ്രായമുള്ള ടെക് ജീവനക്കാരാണ് നിലവില്‍ പ്രതിസന്ധി നേരിടുന്നത്. വിസ വൈകുന്നത് മൂലം തങ്ങളുടെ ജോലി നഷ്ടപ്പെടുമോ എന്ന ഭീതിയിലാണ് പലരും. എച്ച്1 ബി വിസ പ്രോഗ്രാമിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കൾ ഇന്ത്യക്കാരാണ്. ആമസോൺ, മെറ്റാ, മൈക്രോസോഫ്റ്റ് തുടങ്ങിയ മുൻനിര കമ്പനികളാണ് എച്ച്1 ബി വിസയിൽ ജീവനക്കാരെ പ്രധാനമായും സ്പോൺസർ ചെയ്യുന്നത്. എന്നാൽ വിസ ദുരുപയോഗം തടയാൻ എന്ന പേരിൽ പുതിയ അപേക്ഷകൾക്ക് ഒരു ലക്ഷം ഡോളർ ഫീസ് ഏർപ്പെടുത്തിയത് വിസ നടപടികൾ കൂടുതൽ ദുഷ്കരമാക്കിയിട്ടുണ്ട്.
അതേസമയം, യുഎസ് വർക്ക് വിസയിലുള്ള ജീവനക്കാരോട് അന്താരാഷ്ട്ര യാത്ര ഒഴിവാക്കാൻ ഗൂഗിളും ആപ്പിളും നിര്‍ദേശിച്ചിട്ടുണ്ട്. എച്ച്1 ബി, എച്ച് 4, എഫ്, ജെ, എം വിസകൾ കൈവശം വച്ചിരിക്കുന്നവർക്ക് നിര്‍ദേശം ബാധകമാണെന്ന് ഗൂഗിളിന്റെ മെമ്മോയിൽ പറയുന്നു. സെപ്റ്റംബറിൽ ഗൂഗിളിന്റെ മാതൃ കമ്പനിയായ ആൽഫബെറ്റ് ജീവനക്കാരോട് അന്താരാഷ്ട്ര യാത്രകൾ ഒഴിവാക്കണമെന്നും എച്ച് 1 ബി വിസ ഉടമകൾ യുഎസിൽ തന്നെ തുടരണമെന്നും കർശന നിര്‍ദേശം നല്‍കിയിരുന്നു.

