Site icon Janayugom Online

പാഠപുസ്തക പരിഷ്കരണം വിവേകശൂന്യം: ചരിത്ര കോണ്‍ഗ്രസ്

12-ാം ക്ലാസിലെ ചരിത്ര പാഠപുസ്തകത്തില്‍ മാറ്റം വരുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടി അസ്വീകാര്യമെന്ന് ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ്. ചരിത്ര പുസ്തകത്തില്‍ മാറ്റം വരുത്തിയ നടപടി വിവേകശൂന്യമായ ചരിത്ര ബോധം സമുഹത്തില്‍ സൃഷ്ടിക്കുമെന്ന് കോണ്‍ഗ്രസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. രാജ്യത്തെ പഴയകാല ചരിത്രം നി‌ഷ‌്പക്ഷവും നീതിപൂര്‍വകവുമായി മനസിലാക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. അതില്‍ മാറ്റം വരുത്തുന്നത് കാലഘട്ടത്തോട് ചെയ്യുന്ന അനീതിയാണ്. യുജിസി ബിരുദ പാഠപുസ്തകത്തിലെ ചരിത്രത്തില്‍ നിന്ന് മുഗള്‍ സാമ്രാജ്യത്തെക്കുറിച്ചുള്ള പാഠഭാഗം നീക്കം ചെയ്തത് ന്യായീകരിക്കാവുന്നതല്ല.

ഇന്ത്യയെ ഏറെക്കാലം ഐക്യത്തോടെ ഭരിച്ച മുഗള്‍ രാജാക്കന്‍മാരുടെ സംഭാവന വിലകുറച്ച് കാണാന്‍ പാടില്ല. ഗാന്ധിവധം ഒഴിവാക്കി പകരം മതപരമായ ഭാഗം കൂട്ടിച്ചേര്‍ക്കുന്ന നടപടി രാജ്യത്ത് നിലനില്‍ക്കുന്ന മതസൗഹാര്‍ദ്ദം ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ തുടക്കമായി കാണണം. എന്‍സിഇആര്‍ടി വരുത്തിയ പാഠപുസ്തക പരിഷ്കരണം യാതൊരു തരത്തിലും ന്യായീകരിക്കാനാവില്ല. മുഗള്‍ സാമ്രാ‍ജ്യം, ഗാന്ധി വധം എന്നീ ഭാഗങ്ങള്‍ നീക്കം ചെയ്തത് ചരിത്രത്തെ വളച്ചൊടിക്കലാണ്.

ഇന്ത്യയുടെ ഭൂതകാലം തമസ്കരിച്ച് വര്‍ഗീയ ഫാസിസ്റ്റ് പ്രത്യയശാസ്ത്രം കുത്തിനിറയ്ക്കാനുള്ള ശ്രമം ഭാവിയില്‍ കടുത്ത പ്രത്യാഘാതം സൃഷ്ടിക്കും. 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രസിദ്ധീകരിച്ച പാഠപുസ്തകം തിരുത്തി പുതിയ പാഠപുസ്തകം അച്ചടിച്ച എന്‍സിഇആര്‍ടി അതിന്റെ പൂര്‍വകാല ചരിത്രം വിസ്മരിച്ചാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്നും ചരിത്ര കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. യുക്തിക്ക് നിരക്കാത്ത ചരിത്രം വിദ്യാര്‍ത്ഥികളുടെ മനസിലേക്ക് കടത്തിവിടാനുള്ള നീക്കം ഭാവിയില്‍ രാജ്യത്തിന്റെ യശസിനു കോട്ടം തട്ടിക്കുമെന്നും ചരിത്രകാരന്‍മാരുടെ കൂട്ടായ്മ അഭിപ്രായപ്പെട്ടു.

Eng­lish Sum­ma­ry: Indi­an His­to­ry Con­gress Express­es Con­cern Over Revised NCERT Books
You may also like this video

Exit mobile version