Site iconSite icon Janayugom Online

ഇന്ത്യൻ കുടുംബങ്ങളുടെ സമ്പാദ്യം ഇടിയുന്നു: കഴിഞ്ഞ സാമ്പത്തിക വര്‍ഷം അ‍ഞ്ച് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍

economyeconomy

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യൻ കുടുംബങ്ങളുടെ സമ്പാദ്യം അഞ്ച് വർഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍ എത്തി. വർധിച്ചുവരുന്ന പണപ്പെരുപ്പം ഇടത്തരക്കാരുടെ വാങ്ങൽ ശേഷിയെ പ്രതികൂലമായി ബാധിച്ചു.
കോവിഡിനെ തുടര്‍ന്നുള്ള ലോക്ഡൗണും മറ്റ് നിയന്ത്രണങ്ങളും മൂലം ജനങ്ങള്‍ക്ക് അവരുടെ സമ്പാദ്യത്തെ കൂടുതല്‍ ആശ്രയിക്കേണ്ടുവന്നു. മഹാമാരി പ്രതിസന്ധിമൂലം ജോലി നഷ്ടപ്പെട്ടത് വരുമാനത്തെ ഗുരുതരമായി ബാധിച്ചുവെന്നും ഫ്രീ പ്രസ് ജേണല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. 

2020–21ല്‍ കുടുംബങ്ങളുടെ മൊത്ത സാമ്പത്തിക സമ്പാദ്യം 15.9 ശതമാനമായിരുന്നെങ്കില്‍ അടുത്തവര്‍ഷമിത് 10.8 ശതമാനമായി ചുരുങ്ങി. തൊട്ടു മുമ്പുള്ള മൂന്ന് വര്‍ഷങ്ങളിലും ഇത് 12 ശതമാനമായിരുന്നു.
ആരോഗ്യ സംരക്ഷണത്തിനായി ലോക്ഡൗണ്‍ കാലത്ത് ജനങ്ങള്‍ പണം സൂക്ഷിച്ചുവച്ചു. എന്നാല്‍ ലോക്ഡൗണ്‍ ഇളവുകള്‍ വന്നതോടെ ഈ പണം വലിയതോതില്‍ ചെലവാക്കപ്പെട്ടു. എന്നാല്‍ ജോലി നഷ്ടപ്പെടല്‍, വരുമാനം കുറയല്‍ തുടങ്ങിയ സാഹചര്യങ്ങള്‍ ഉയര്‍ന്നത് സമ്പാദ്യം കുറയുന്നതിലേക്ക് നയിച്ചുവെന്നും സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 

ഔദ്യോഗിക കണക്കുകൾ പ്രകാരം, 2021–22ൽ ഗാർഹിക നിക്ഷേപം ജിഡിപിയുടെ 2.5 ശതമാനമായി കുറഞ്ഞു, അതേസമയം ഇൻഷുറൻസ്, പ്രൊവിഡന്റ് ഫണ്ടുകൾ, പെൻഷൻ ഫണ്ടുകൾ തുടങ്ങിയ മറ്റ് സമ്പാദ്യ മാർഗങ്ങളുടെ വിഹിതം മൊത്ത സാമ്പത്തിക സമ്പാദ്യത്തിന്റെ 40 ശതമാനമായി ഉയർന്നു.
ഇക്കാലയളവില്‍ ഓഹരികളുടെയും കടപ്പത്രങ്ങളുടെയും വിഹിതം അഞ്ച് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 8.9 ശതമാനത്തിലും ചെറുകിട സമ്പാദ്യ വിഹിതം 16 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 13.3 ശതമാനത്തിലും എത്തിയതായി റിപ്പോർട്ടുകൾ പറയുന്നു.
രാജ്യത്തിന്റെ സമ്പാദ്യത്തിന്റെ 60 ശതമാനവും കുടുംബങ്ങളിലാണ്. എന്നാല്‍ ഇത് കാലക്രമേണ കുറഞ്ഞുവരികയാണെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ആഭ്യന്തര സമ്പാദ്യം കുറയുന്നത് വിദേശ വിപണിയെ ആശ്രയിക്കാന്‍ നിര്‍ബന്ധിതമാക്കുകയും ഇത് വിദേശകടം ഉയര്‍ത്തുകയും ചെയ്യും. 

2020ല്‍ മൊത്ത ആഭ്യന്തര സമ്പാദ്യം ജിഡിപിയുടെ 30.9 ശതമാനമായി താഴ്ന്നു. ഇത് ഇന്ത്യയുടെ സമ്പാദ്യ നിരക്ക് 15 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്കെത്തിച്ചു. 2012ല്‍ ഇത് 34.6 ശതമാനമായിരുന്നു.
ഗാർഹിക സമ്പാദ്യ നിരക്ക് 2012ൽ ജിഡിപിയുടെ 23 ശതമാനത്തിൽ നിന്ന് 2019ൽ 18 ശതമാനമായി കുറഞ്ഞുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 

Eng­lish Sum­ma­ry: Indi­an house­hold sav­ings plunge: Last finan­cial year at five-year low

You may also like this video

Exit mobile version