സ്വിസ് ബാങ്കുകളിലെ ഇന്ത്യൻ നിക്ഷേപം 2024ൽ മൂന്നിരട്ടിയായെന്ന് കണക്കുകള്‍. 354 കോടി സ്വിസ് ഫ്രാങ്കായി (ഏകദേശം 37,600 കോടി രൂപ) ഇന്ത്യക്കാരുടെ നിക്ഷേപം ഉയര്‍ന്നു. 2021ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയാണിതെന്നും പിടിഐ റിപ്പോര്‍ട്ട് ചെയ്തു. സ്വിസ് ബാങ്കുകളിലെ ഫണ്ടുകളുടെ കാര്യത്തിൽ ഇന്ത്യ ആഗോളതലത്തിൽ 48-ാം സ്ഥാനത്തേക്ക് ഉയർന്നു. കഴിഞ്ഞ വർഷം 67-ാം സ്ഥാനത്തായിരുന്നു. 2022 അവസാനം ഇന്ത്യയുടെ റാങ്കിങ് 46 ആയിരുന്നു. പാകിസ്ഥാന്റെ നിക്ഷേപം 27.2 കോടി സ്വിസ് ഫ്രാങ്കായി കുറഞ്ഞു. അതേസമയം ബംഗ്ലാദേശിന്റെ ഫണ്ട് 58.9 കോടി സ്വിസ് ഫ്രാങ്കായി കുത്തനെ ഉയരുകയും ചെയ്തു.
2023ൽ നാല് വർഷത്തെ ഏറ്റവും താഴ്ന്ന നിലയായ 104 കോടി സ്വിസ് ഫ്രാങ്കിലേക്ക് ഇന്ത്യന്‍ നിക്ഷേപം എത്തിയിരുന്നു. 2006ലെ 650 കോടി സ്വിസ് ഫ്രാങ്ക് നിക്ഷേപമാണ് എക്കാലത്തെയും ഉയർന്ന കണക്ക്. ബാങ്കുകളിലൂടെയും മറ്റ് സാമ്പത്തിക സ്ഥാപനങ്ങളിലൂടെയും ലഭിച്ച ഫണ്ടുകളാണ് നിക്ഷേപത്തിന്റെ ഭൂരിഭാഗവും. നേരിട്ട് വ്യക്തിഗത ഉപഭോക്താക്കളിൽ നിന്നുള്ള നിക്ഷേപങ്ങൾ 34.6 കോടി സ്വിസ് ഫ്രാങ്കാണ് (ഏകദേശം 3,675 കോടി രൂപ).
കഴിഞ്ഞ ദശകത്തിൽ സ്വിസ് ബാങ്കുകളിലെ ഇന്ത്യൻ ഉപഭോക്താക്കളുടെ നിക്ഷേപത്തില്‍ ഏകദേശം 18 ശതമാനത്തിന്റെ കുറവുണ്ടായതായും കണക്കുകള്‍ വ്യക്തമാക്കുന്നു. 2015ൽ ഏകദേശം 42.5 കോടി ഫ്രാങ്ക് ആയിരുന്നത് 2024 ൽ 34.6 കോടി ഫ്രാങ്കായി. കര്‍ശന സാമ്പത്തിക നിയന്ത്രണം, വര്‍ധിച്ച അന്താരാഷ്ട്ര സൂക്ഷ്മപരിശോധന, നികുതി നിരക്കിലെ ആഗോള മാനദണ്ഡം എന്നിവയാണ് നിക്ഷേപം ഇടിയാന്‍ കാരണം. ഇന്ത്യക്ക് പുറമേ മറ്റ് വിദേശ രാജ്യങ്ങളിലെ പൗരന്‍മാരുടെ സ്വിസ് നിക്ഷേപവും ഇടിയുന്നതായി എന്‍എന്‍ബി റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ കള്ളപ്പണത്തെക്കുറിച്ചോ മറ്റ് രാജ്യങ്ങളിലെ കമ്പനികള്‍ വഴി കൈവശം വച്ചിരിക്കുന്ന അക്കൗണ്ടുകളെക്കുറിച്ചോ ഉള്ള വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.

