Site iconSite icon Janayugom Online

ഇന്ത്യന്‍ നിയമങ്ങള്‍ പാവപ്പെട്ടവരോട് വിവേചനം കാണിക്കുന്നു

ഇന്ത്യന്‍ നിയമങ്ങള്‍ പാവപ്പെട്ടവരോട് വിവേചനം കാട്ടുന്നതാണെന്ന് ഒറീസ ചീഫ് ജസ്റ്റിസ്. പാര്‍ശ്വവല്കൃത വിഭാഗങ്ങള്‍ക്ക് നിയമപരിരക്ഷ ലഭിക്കുന്നതിന് ഒട്ടേറെ കടമ്പകളുണ്ടെന്നും ഒറീസ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മുരളീധര്‍ പറഞ്ഞു. നീതിന്യായ വ്യവസ്ഥ പാവപ്പെട്ടവരോടും പണക്കാരോടും അസമമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

വിദ്യാ സമ്പന്നനായ ഒരാള്‍ക്കുപോലും ദുര്‍ഗ്രാഹ്യവും ദുരൂഹവുമായതാണ് നിയമപരിപാലന സംവിധാനത്തിന്റെ നടപടിക്രമങ്ങള്‍. നിയമങ്ങള്‍ പാവപ്പെട്ടവരോട് സ്വയമേവ വിവേചനം കാട്ടുന്ന ഘടനയിലുള്ളതാണ്. ഭിക്ഷാടക കോടതികള്‍, ശിശുക്ഷേമ നീതിപീഠങ്ങള്‍, വനിതാ സംരക്ഷണ കോടതികള്‍ എന്നിവയാണ് പാവപ്പെട്ടവരുമായി ആദ്യം ഏറ്റുമുട്ടല്‍ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. കോടതിക്കു മുമ്പാകെ ഹാജരാകുമ്പോള്‍ പാര്‍ശ്വവല്കൃത വിഭാഗങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിചാരണ നേരിടുന്ന 3.72 ലക്ഷം പേരില്‍ 21 ശതമാനവും ശിക്ഷിക്കപ്പെട്ട 1.13 ലക്ഷത്തില്‍ 21 ശതമാനം പേരും ദളിത് വിഭാഗത്തിലുള്ളവരാണെന്നത് ഇതാണ് വ്യക്തമാക്കുന്നതെന്ന് അദ്ദേഹം കണക്കുകള്‍ ഉദ്ധരിച്ച് പറഞ്ഞു. ശിക്ഷിക്കപ്പെട്ടവരില്‍ 37.1 ശതമാനവും വിചാരണയിലുള്ളവരില്‍ 34.3 ശതമാനവും മറ്റു പിന്നാക്ക വിഭാഗങ്ങളിലുള്ളവരുമാണ്. മുസ്‌ലിം വിഭാഗങ്ങളുടെ പ്രാതിനിധ്യം യഥാക്രമം 17.4, 19.5 ശതമാനം വീതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാര്‍ശ്വവല്കൃത വിഭാഗങ്ങള്‍ക്കുള്ള നിയമസഹായ സേവന വിഭാഗത്തെ ഉപയോഗിക്കുകയല്ലാതെ അവര്‍ക്ക് മറ്റു മാര്‍ഗമില്ല. എന്നാല്‍ സൗജന്യസേവനം ലഭിക്കുന്ന ഇത്തരം നിയമ സഹായ സംവിധാനങ്ങളോട് പാവപ്പെട്ടവര്‍ക്ക് വിശ്വാസക്കുറവുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്തെങ്കിലും സേവനം സൗജന്യമായി ലഭിക്കുകയോ സബ്സിഡി നല്കുകയോ ചെയ്താല്‍ ഗുണനിലവാരം ആവശ്യപ്പെടാന്‍ കഴിയില്ലെന്ന് പാവപ്പെട്ടവര്‍ കരുതുന്നുവെന്നും അതുകൊണ്ടുതന്നെ പാവപ്പെട്ടവര്‍ക്ക് അര്‍ഹമായ നീതി ലഭിക്കുന്നതിനുള്ള ഘടനാപരമായ മാറ്റങ്ങള്‍ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

Eng­lish sum­ma­ry; Indi­an law dis­crim­i­nates against the poor

You may also like this video;

Exit mobile version