Site iconSite icon Janayugom Online

അറബിക്കടലില്‍ മാള്‍ട്ട ചരക്കുകപ്പലിന് രക്ഷകരായി ഇന്ത്യൻ നാവികസേന

അറബിക്കടലില്‍ സൊമാലിയയിലേക്ക് പോവുന്ന മാള്‍ട്ടയില്‍ നിന്നുള്ള ചരക്കുകപ്പല്‍ തട്ടിക്കൊണ്ടു പോകാനുള്ള ശ്രമം ചെറുത്ത് ഇന്ത്യൻ നാവിക സേന. അപായ മുന്നറിയിപ്പ് ലഭിച്ചതിനേത്തുടര്‍ന്ന് കപ്പലിനരികിലേക്ക് എത്തുകയായിരുന്നുവെന്ന് നാവികസേനാ വൃത്തങ്ങള്‍ എക്സില്‍ അറിയിച്ചു. മാൾട്ടയുടെ പതാകയേന്തിയ എംവി റൂയൻ എന്ന കപ്പലിനുനേര്‍ക്കാണ് കടല്‍ക്കൊള്ളക്കാരുടെ തട്ടിക്കൊണ്ടുപോകല്‍ ശ്രമമുണ്ടായതെന്ന് ഇന്ത്യൻ നാവികസേന അറിയിച്ചു.

ഇതോടെ നാവികസേനാ യുദ്ധക്കപ്പലും കടലിൽ പട്രോളിങ് നടത്തുന്ന വിമാനവും കപ്പലിന് സഹായവുമായി എത്തുകയായിരുന്നു. 18 ജീവനക്കാരുള്ള കപ്പല്‍ ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് അപായ സന്ദേശം (മെയ് ഡേ മെസേജ്) അയച്ചത്. കപ്പലില്‍ ആറ് അജ്ഞാതര്‍ കടന്നുകയറിയെന്നും കപ്പലിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ ഇവര്‍ ശ്രമിക്കുന്നുവെന്നുമായിരുന്നു സന്ദേശം.

വെള്ളിയാഴ്ച പുലര്‍ച്ചയോടെ നാവിക സേനാ വിമാനം മാള്‍ട്ട കപ്പലിനെ നിരീക്ഷണത്തിലാക്കി. തുടര്‍ന്ന് യുദ്ധക്കപ്പല്‍ ഇന്നലെ രാവിലെയോടെ എംവി റൂയന് സമീപമെത്തി. കപ്പൽ അപഹരിക്കാൻ ആരാണ് ശ്രമിച്ചതെന്നതിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ അധികൃതർ വ്യക്തമാക്കിയിട്ടില്ല. കപ്പൽ നിലവിൽ സുരക്ഷിതമാണെന്നും സൊമാലിയൻ മേഖലയിലേക്ക് യാത്ര തുടരുന്ന കപ്പൽ നിരീക്ഷിക്കുന്നുണ്ടെന്നും ഇന്ത്യൻ നേവി അറിയിച്ചു.

കപ്പൽ തട്ടിക്കൊണ്ട് പോകാനുള്ള ശ്രമമുണ്ടായ സാഹചര്യത്തിൽ അറബിക്കടലിൽ നിരീക്ഷണം ശക്തമാക്കി. മേഖലയിലെ മറ്റ് ഏജന്‍സികളെയും ഏകോപിപ്പിച്ചുകൊണ്ടാണ് സ്ഥിതിഗതികള്‍ വിലയിരുത്തുന്നതെന്ന് പ്രതിരോധ വക്താവ് അറിയിച്ചു.

Eng­lish Sum­ma­ry: indi­an navy res­cues mal­ta car­go ship in ara­bi­an sea
You may also like this video

Exit mobile version