Site iconSite icon Janayugom Online

മാര്‍ക്ക് കാര്‍ണി മന്ത്രിസഭയില്‍ ഇന്ത്യന്‍ വംശജയും; അനിത ആനന്ദ് കാനഡയുടെ വിദേശകാര്യമന്ത്രിയായി ചുമതലയേറ്റു

കാനഡയില്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ പുതിയ വിദേശകാര്യമന്ത്രിയായി ഇന്ത്യന്‍ വംശജ അനിത ആനന്ദിനെ നിയമിച്ചു. കാനഡയുടെ വിദേശകാര്യമന്ത്രിയായി നിയമിതയാകുന്ന ആദ്യ ഹിന്ദു വനിതയാണ് അനിത. ഭഗവദ്ഗീതയില്‍ കൈവെച്ചാണ് അനിത വിദേശകാര്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. “കാനഡയുടെ വിദേശകാര്യമന്ത്രിയായി നിയമിതയായത് ബഹുമതിയായി കാണുന്നു. കൂടുതല്‍ സുരക്ഷിതവും നീതിയുക്തവുമായ ഒരു ലോകം കാനഡയിലെ ജനങ്ങള്‍ക്ക് നല്‍കുന്നതിന് പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുടെയും മറ്റ് അംഗങ്ങളുടെയും ഒപ്പം പ്രവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,” അവര്‍ പറഞ്ഞു.

മുന്‍പ് ഗതാഗത മന്ത്രിയായിരുന്ന അനിത, പ്രതിരോധ മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. രാഷ്ട്രീയം ഉപേക്ഷിച്ച് അക്കാദമിക് മേഖലയിലേക്ക് പോകുകയാണെന്ന് അവര്‍ ജനുവരിയില്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ മാസം നടന്ന തിരഞ്ഞെടുപ്പില്‍ വീണ്ടും വിജയച്ചതിനെ തുടര്‍ന്ന് അനിതയെ മന്ത്രിസഭയിലേക്ക് തിരികെ കൊണ്ടുവരാനും വിദേശകാര്യ വകുപ്പ് ഏറ്റെടുക്കാനും കാര്‍ണി നിര്‍ദേശിക്കുകയായിരുന്നു. അമേരിക്കയുമായുള്ള ബന്ധം കൈകാര്യം ചെയ്യുക, ഇന്ത്യയുമായുള്ള ബന്ധം പുനഃസ്ഥാപിക്കുക എന്നിവയാണ് അനിത ആനന്ദിന്റെ പ്രധാന ദൗത്യങ്ങളെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

Exit mobile version