Site iconSite icon Janayugom Online

ടൊറന്റോ സർവകലാശാലയില്‍ ഇന്ത്യന്‍ വംശജന്‍ വെടിയേറ്റ് മരിച്ചു

കാനഡയില്‍ ഇന്ത്യന്‍ വംശജന്‍ വെടിയേറ്റ് മരിച്ചു. ഡോക്ടറൽ വിദ്യാർത്ഥിയായ ശിവങ്ക് അവസ്തി (20) ആണ് ടൊറന്റോ സർവകലാശാല സ്‌കാർബറോ കാമ്പസിന് സമീപമുണ്ടായ വെടിവയ്പിൽ മരിച്ചത്. കൊല്ലപ്പെട്ടത്. ശിവങ്കിനെ വെടിയേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നും സംഭവ സ്ഥലത്തുവെച്ച് തന്നെ മരണം സംഭവിച്ചതായും പോലീസ് വ്യക്തമാക്കി. പോലീസ് എത്തുന്നതിന് മുമ്പ് പ്രതികൾ ഓടി രക്ഷപ്പെട്ടതായും അധികൃതർ പ്രസ്താവനയിൽ അറിയിച്ചു. ഡിസംബർ 23നാണ് സംഭവം നടന്നതെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു. 

അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് പൊതുജനങ്ങളിൽനിന്ന് വിവരങ്ങൾ തേടിയിട്ടുണ്ട്. ഇന്ത്യൻ വിദ്യാർത്ഥിയുടെ മരണത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തുകയും കുടുംബത്തിന് സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തുകൊണ്ട് ടൊറന്റോയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറല്‍ പ്രസ്താവന പുറത്തിറക്കി.‘ടൊറന്റോ യൂണിവേഴ്‌സിറ്റി സ്‌കാർബറോ കാമ്പസിന് സമീപമുണ്ടായ വെടിവെപ്പിൽ യുവ ഇന്ത്യൻ ഡോക്ടറൽ വിദ്യാർത്ഥിയായ ശിവങ്ക് അവസ്തിയുടെ ദാരുണമായ മരണത്തിൽ അതീവ ദുഃഖിതരാണ്. പ്രാദേശിക അധികാരികളുമായി ചേർന്ന് കുടുംബത്തിന് എല്ലാവിധ സഹായവും നൽകി വരുന്നുവെന്നും കോൺസുലേറ്റ് ജനറലിന്റെ എക്‌സ് പോസ്റ്റിൽ പറഞ്ഞു. ഒരാഴ്ചക്കിടെ ടൊറന്റോയില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെ ഇന്ത്യന്‍ പൗരനാണ് ശിവങ്ക്. കഴിഞ്ഞദിവസം ഇന്ത്യന്‍ വംശജയായ മുപ്പതുകാരിയെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. ടൊറന്റോ സ്വദേശിയായ ഹിമാന്‍ഷി ഖുറാന (30) യാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഹിമാന്‍ഷിയുടെ പങ്കാളിയെന്ന് സംശയിക്കുന്നയാള്‍ക്കെതിരെ പൊലീസ് രാജ്യം മുഴുവന്‍ തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. 

Exit mobile version