Site iconSite icon Janayugom Online

യുഎസിൽ വീണ്ടും ഇന്ത്യന്‍ വംശജയായ മേയര്‍; സാൻ കാർലോസിന്റെ സാരഥിയായി പ്രണിത വെങ്കിടേഷ്

അമേരിക്കയിലെ കാലിഫോർണിയ സംസ്ഥാനത്തുള്ള സാൻ കാർലോസ് നഗരത്തിന്റെ പുതിയ മേയറായി ഇന്ത്യൻ വംശജയായ പ്രണിത വെങ്കിടേഷ് തിരഞ്ഞെടുക്കപ്പെട്ടു. സിറ്റി കൗൺസിലിന്റെ ഏകകണ്ഠമായ പിന്തുണയോടെ ഡിസംബർ എട്ടിനാണ് പ്രണിത ചുമതലയേറ്റത്. നഗരത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയർമാരിൽ ഒരാളെന്ന നേട്ടവും ഇതോടെ പ്രണിതയ്ക്ക് സ്വന്തമായി.

ഫിജിയിൽ ജനിച്ച ഇന്ത്യൻ വംശജയായ പ്രണിത തന്റെ നാലാം വയസ്സിലാണ് മാതാപിതാക്കൾക്കൊപ്പം അമേരിക്കയിലേക്ക് കുടിയേറിയത്. ക്ലിനിക്കൽ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമുള്ള ഇവർ പൊതുരംഗത്ത് സജീവമാകുന്നതിന് മുൻപ് ചൈൽഡ് സൈക്കോളജിസ്റ്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ സാൻ കാർലോസിൽ ഒരു ചെറുകിട ബിസിനസ് ഉടമ കൂടിയാണ് ഇവർ.

2022ൽ ഡെമോക്രാറ്റിക് പാർട്ടിയുടെ പിന്തുണയോടെയാണ് പ്രണിത ആദ്യമായി സാൻ കാർലോസ് സിറ്റി കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. പൊതുസുരക്ഷ, ശിശു സംരക്ഷണം, സാമ്പത്തിക സ്ഥിരത, അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്കായിരിക്കും തന്റെ ഭരണകാലയളവിൽ മുൻഗണന നൽകുന്നതെന്ന് മേയറായി ചുമതലയേറ്റ ശേഷം അവർ വ്യക്തമാക്കി. 

Exit mobile version