കാനഡയിൽ ഇന്ത്യൻ വംശജയായ യുവതിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്കായി രാജ്യവ്യാപകമായി തിരച്ചിൽ തുടരുന്നു. പ്രതിക്കെതിരെ പൊലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. 27 വയസ്സുകാരിയായ അമൻപ്രീത് സൈനിയാണ് കൊല്ലപ്പെട്ടത്. പ്രതി മൻപ്രീത് സിങ്ങിനെതിരെ(27) അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
ഒന്റാറിയോയിലെ ലിങ്കണിലുള്ള ഒരു പാർക്കിൽ ഗുരുതരമായ പരിക്കുകളോടെയാണ് സൈനിയുടെ മൃതദേഹം കണ്ടെത്തിയത്. നോർത്ത് സർവീസ് റോഡിനും ഹൈവേ 406നും അടുത്താണ് ഈ പാർക്ക് സ്ഥിതിചെയ്യുന്നത്. പ്രതി രാജ്യം വിട്ടിരിക്കാൻ സാധ്യതയുണ്ടെന്നാണ് പൊലീസ് കരുതുന്നത്. ഇതൊരു കരുതിക്കൂട്ടിയുള്ള ആക്രമണമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊല്ലപ്പെട്ട സൈനിയും പ്രതിയായ മൻപ്രീത് സിങ്ങും തമ്മിലുള്ള ബന്ധം എന്തായിരുന്നുവെന്ന് പൊലീസ് ഇതുവരെ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല.

