Site iconSite icon Janayugom Online

പാകിസ്ഥാനുവേണ്ടി ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍ ചോര്‍ത്തി നല്‍കിയത് രാജ്യത്തെ മിസൈല്‍ സംവിധാനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍

DRDODRDO

പാകിസ്ഥാനുവേണ്ടി ചാരവൃത്തി ചെയ്തതിനെത്തുടര്‍ന്ന് അറസ്റ്റിലായ ഡിആർഡിഒ ശാസ്ത്രജ്ഞൻ പ്രദീപ് കുരുൽക്കർ ചോര്‍ത്തിനല്‍കിയത് ഇന്ത്യന്‍ മിസൈല്‍ സംവിധാനങ്ങളെന്ന് റിപ്പോര്‍ട്ടുകള്‍. ‘സാറാ ദാസ്ഗുപ്ത എന്ന പേരിലുള്ള പാകിസ്ഥാന്‍ യുവതിയുമായി ഇയാള്‍ ചാരപ്രവൃത്തി ചെയ്തതായും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ശാസ്ത്രഞൻ പ്രദീപ് കുരുൽക്കറിനെതിരെ മഹാരാഷ്ട്ര പോലീസിലെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ബ്രഹ്‍മോസ് അടക്കമുള്ള മിസൈലുകളുടെ വിവരങ്ങൾ ഇയാള്‍ പാക് ചാരയ്ക്ക് കൈമാറിയതായും അവര്‍ നൽകിയ സോഫ്റ്റ്‍വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തതായും കുറ്റപത്രത്തില്‍ പറയുന്നു. 1800 പേജുള്ള കുറ്റപത്രമാണ് കേസില്‍ സമര്‍പ്പിച്ചിരിക്കുന്നത്. യുകെയില്‍ ജോലി ചെയ്യുന്ന സോഫ്റ്റ്‍വെയര്‍ എഞ്ചിനീയറെന്ന് പരിചയപ്പെടുത്തിയാണ് ചാര വനിത അടുപ്പം സ്ഥാപിച്ചത്. തന്റെ ചിത്രങ്ങളും വീഡിയോകളും അയച്ചുകൊടുത്ത് കുരുല്‍ക്കറുമായി യുവതി അടുപ്പം സ്ഥാപിച്ചു.

സാറ ദാസ്ഗുപ്ത, ജൂഹി അറോറ എന്നീ പേരുകളില്‍ സൃഷ്ടിച്ച ഫേക്ക് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴിയും മെസേജിങ് ആപ്ലിക്കേഷനുകള്‍ വഴയും ഇവരോട് കുരുല്‍ക്കര്‍ വിശദമായി സംസാരിച്ചിരുന്നു. മെറ്റിയോര്‍ മിസൈല്‍, ബ്രഹ്‍മോസ് മിസൈല്‍, റഫാല്‍, ആകാശ്, അസ്ത്ര മിസൈല്‍ സിസ്റ്റംസ്, അഗ്നി — 6 മിസൈല്‍ ലോഞ്ചര്‍ എന്നിവയെക്കുറിച്ചെല്ലാം ഇയാള്‍ ചാര വനിതയ്ക്ക് വിവരങ്ങള്‍ നല്‍കി. ഇതിന് പുറമെ ഡിആര്‍ഡിഒ ഇപ്പോള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ആളില്ലാ വിമാനങ്ങളായ ഭാരത് ക്വാഡ്കോപ്റ്റര്‍ ഉള്‍പ്പെടെയുള്ളവയുടെ വിശദ വിവരങ്ങളും കൈമാറി. രാജ്യസുരക്ഷ സംബന്ധിക്കുന്ന ഗൗരവതരമായ വിഷയങ്ങള്‍ പോലും തമാശ രൂപത്തില്‍ അഭിസംബോധന ചെയ്തുകൊണ്ടാണ് യുവതിയോട് പങ്കുവെച്ചിരുന്നത്.

അഗ്നി — 6 ലോഞ്ചര്‍ പരീക്ഷണം വിജയകരമായിരുന്നോ എന്ന ചോദ്യത്തിന് അത് എന്റെ ഡിസൈനായിരുന്നുവെന്നും അത് വലിയ വിജയമായിരുന്നുവെന്നും മറുപടി നല്‍കുന്നുണ്ട്. 2022 സെപ്റ്റംബറിനും 2023 ഫെബ്രുവരിക്കും ഇടയിലായിരുന്നു ഈ സംഭാഷണങ്ങളെല്ലാം. അഗ്നി — 6 പരീക്ഷണങ്ങള്‍ പുരോഗമിക്കുന്നതിനെക്കുറിച്ചും അതിന്റെ ടെസ്റ്റിങ് എപ്പോള്‍ നടക്കുമെന്നും അതിന്റെ പദ്ധതികളില്‍ വന്നിട്ടുള്ള മാറ്റങ്ങളെക്കുറിച്ചുമെല്ലാം യുവതി ചോദിക്കുന്നതും കുരുൽക്കർ മറുപടി നല്‍കുന്നതും ചാറ്റുകളിലുണ്ട്.
ഡിആർഡിഒയുടെ വിശ്രാന്ദ് വാഡിയിലുള്ള പ്രീമിയർ സിസ്റ്റംസ് എഞ്ചിനീയറിങ് വിഭാഗത്തിന്റെ ചുമതലയാണ് കുല്‍ക്കറിനുണ്ടായിരുന്നത്. അന്വേഷണത്തിന്റെ ഭാഗമായി 203 സാക്ഷികളുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. മെയ് മൂന്നിന് അറസ്റ്റ് ചെയ്യപ്പെട്ട അദ്ദേഹം ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

Eng­lish Sum­ma­ry: Indi­an sci­en­tist leaked infor­ma­tion about coun­try’s mis­sile sys­tems for Pakistan

You may also like this video

Exit mobile version