Site iconSite icon Janayugom Online

ബൂസ്റ്റര്‍ ഡോസ് ഒമിക്രോണിനെതിരായ പ്രതിരോധശേഷി വര്‍ധിപ്പിക്കുമെന്ന് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍

കോവിഡിന്റെ ബൂസ്റ്റര്‍ ഡോസ് ഒമിക്രോണിനെതിരായ പ്രതിരോധശേഷി വര്‍ധിപ്പിക്കുമെന്ന് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍. ബൂസ്റ്റര്‍ ഡോസ് ആന്റിബോഡികളുടെ അളവ് വര്‍ധിപ്പിക്കുമെന്നും രോഗപ്രതിരോധശേഷി കുറഞ്ഞവര്‍ക്ക് ഒമിക്രോണിനെതിരായ ഫലപ്രദമായ സംരക്ഷണമാണെന്നും വൈറോളജിസ്റ്റായ ഡോ. ഷാഹിദ് ജമീല്‍ പറയുന്നു. ഒമിക്രോണിനെതിരായി ബൂസ്റ്റര്‍ വാക്സിനുകള്‍ക്ക് 75 ശതമാനം വരെ ഫലപ്രാപ്തിയുള്ളതായി യുകെ ആരോഗ്യ സുരക്ഷാ ഏജന്‍സിയുടെ പഠനവും പുറത്തുവന്നിരുന്നു.

ഇന്ത്യയില്‍ ഭൂരിഭാഗം ആളുകള്‍ക്കും നല്‍കിയത് കോവിഷീല്‍ഡ് വാക്സിനാണ്. ഒന്നാം ഡോസ് എടുത്തതിന് എട്ട് മുതല്‍ 12 ആഴ്ചകള്‍ക്കുള്ളില്‍ രണ്ടാം ഡോസ് എടുക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. കോവിഷീല്‍ഡ്, കോവാക്സിന്‍ എന്നീ രാജ്യത്ത് കൂടുതലായും ഉപയോഗിക്കുന്ന വാക്സിനുകള്‍ ഒമിക്രോണിനെതിരെ എത്രത്തോളം ഫലപ്രദമാണെന്ന് കണ്ടെത്തണം. ഇതിനു ശേഷം ബൂസ്റ്റര്‍ ഡോസ് നയം രൂപീകരിക്കണമെന്നും ഡോ. ഷാഹിദ് ജമീല്‍ പറഞ്ഞു.

ഇന്ത്യയില്‍ രണ്ട് നാല് വാക്സിനുകള്‍ ബൂസ്റ്റര്‍ ഡോസുകളായി ഉപയോഗിക്കാം. കോവാക്സിന്‍ എടുത്ത ആളുകളില്‍ കോവിഷീല്‍ഡും, കോവിഷീല്‍ഡ് എടുത്തവരില്‍ കോവാക്സിനും ബൂസ്റ്റര്‍ ഡോസായി നല്‍കാം. ഇവയ്ക്കു പുറമേ, ഡിഎന്‍എ വാക്സിനായ സെെകോവ് ഡി, കോവോവാക്സ്, കോര്‍ബെവ് ആക്സ് ഇ എന്നീ വാക്സിനുകളും ഉപയോഗിക്കാം.കോവിഡെനെതിരെ ബൂസ്റ്റര്‍ ഡോസുകള്‍ ഫലപ്രദമാണെന്ന് ദേശീയ വാക്സിന്‍ അഡ്മിനിസ്ട്രേഷന്‍ വിദ‍ഗ്‍ധ സമിതിയുടെയും വാക്സിനേഷന്‍ ഉപദേശകസമിതിയും ശരിവച്ചിരുന്നു.

Eng­lish Sum­ma­ry: Indi­an sci­en­tists say boost­er dose may boost immu­ni­ty against omicron

you may also like this video;

Exit mobile version