Site icon Janayugom Online

ഇന്ത്യന്‍ സ്കോര്‍ 350 പിന്നിട്ടു; അര്‍ധസെഞ്ചുറി നേടി ജഡേജ പുറത്ത്

വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ താരം വിരാട് കോലിക്ക് സെഞ്ചുറി. ഇതോടെ കരിയറിലെ 500-ാം രാജ്യാന്തര മത്സരത്തില്‍ ശതകം നേടുന്ന ആദ്യ താരം എന്ന റെക്കോഡ് വിരാട് കോലിക്ക് സ്വന്തമായി. കരിയറില്‍ തന്റെ 29-ാം ടെസ്റ്റ് സെഞ്ചുറിയും 76-ാം അന്താരാഷ്ട്ര സെഞ്ചുറിയുമാണ് കുറിച്ചത്. 180 പന്തിൽ 10 ഫോറുകൾ സഹിതമാണ് കോലി സെഞ്ചുറി തൊട്ടത്. അഞ്ച് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് വിദേശപിച്ചില്‍ കോലി സെഞ്ചുറി നേടുന്നത്.

500 അന്താരാഷ്ട്ര മത്സരം പൂര്‍ത്തിയാക്കുമ്പോള്‍ സച്ചിന്റെ പേരില്‍ 75 സെഞ്ചുറിയായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ കോലിയുടെ പേ­രില്‍ 76 സെഞ്ചുറികളുണ്ട്. നാല് വിക്കറ്റ് നഷ്ടത്തില്‍ 288 റണ്‍സെന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനത്തില്‍ ബാറ്റിങ് പുനരാരംഭിച്ചത്. സെഞ്ചുറി പൂര്‍ത്തിയാക്കി കോലി 121 റണ്‍സെടുത്ത് നില്‍ക്കെ റണ്ണൗട്ടാകുകയായിരുന്നു. കോലി പുറത്തായതിന് പിന്നാലെ ഇഷാന്‍ കിഷനാണ് ക്രീസിലെത്തിയത്. ഇതിനിടെ രവീന്ദ്ര ജഡേജ അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കി. ജഡേജയുടെ 19-ാം ടെസ്റ്റ് അര്‍ധ സെഞ്ചുറിയാണിത്. 61 റണ്‍സെടുത്ത ജഡേജയെ റോച്ച് പുറത്താക്കി.

ലഞ്ച് ബ്രേക്കിന് പിരിയുമ്പോള്‍ 18 റ­ണ്‍സുമായി കിഷനും ആറ് റണ്‍സുമായി ആര്‍ അശ്വിനുമാണ് ക്രീസില്‍. നേരത്തേ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ‑യശസ്വി ജയ്‌സ്വാള്‍ സഖ്യം ആദ്യ ദിനം ഇന്ത്യക്ക് മികച്ച തുടക്കം സമ്മാനിച്ചിരുന്നു. 139 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് ഓപ്പണിങ് സഖ്യം പിരിഞ്ഞത്. ആദ്യ ദിനം അര്‍ധസെഞ്ചുറികള്‍ നേടിയ ഓപ്പണര്‍മാരായ യശസ്വി ജയ്‌സ്വാള്‍, രോഹിത് ശര്‍മ്മ എന്നിവരുടെയും ചെറിയ സ്കോറുകളില്‍ മടങ്ങിയ മൂന്നാമന്‍ ശുഭ്മാന്‍ ഗില്‍, അഞ്ചാം നമ്പര്‍ താരം അജിങ്ക്യ രഹാനെ എന്നിവരുടേയും വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. യശസ്വി 74 പന്തില്‍ 57 റണ്‍സെടുത്ത് പുറത്തായി. രോഹിത് ശര്‍മ്മ 143 പന്തില്‍ 80 പേരിലാക്കിയപ്പോള്‍ ഗില്‍ 12 പന്തില്‍ പത്തുമായി വീണ്ടും നിരാശ സമ്മാനിച്ചു.

36 പന്തില്‍ എട്ട് റണ്‍സെടുത്ത രഹാനെയ്ക്കും തിളങ്ങാനായില്ല. ഡൊമിനിക്കയിൽ നടന്ന ആദ്യ ടെസ്റ്റിലെ പിച്ചിൽനിന്ന് വ്യത്യസ്തമായി അൽപം കൂടി ലൈവായ പിച്ചാണ് ക്വീൻസ് പാർക്ക് ഓവലിൽ ഇന്ത്യൻ ടീം പ്രതീക്ഷിച്ചത്. എന്നാൽ, പിച്ചിൽ ഒരു പുൽക്കൊടിപോലും വേണ്ടെന്നായിരുന്നു ക്യൂറേറ്ററുടെ തീരുമാനം. ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത വിൻഡീസ് ക്യാപ്റ്റന്റെ തീരുമാനം മുതലാക്കാൻ വിൻഡീസ് ബോളർമാർക്കു കഴിഞ്ഞതുമില്ല. ആദ്യ ഓവറുകളിൽ കെമർ റോച്ചിനും അൽസരി ജോസഫിനും പന്ത് പ്രതീക്ഷിച്ചതു പോലെ പിച്ച് ചെയ്യിക്കാനായില്ല.

Eng­lish Sam­mury: sec­ond crick­et test against the West Indies, Indi­an score crossed 350

Exit mobile version