Site iconSite icon Janayugom Online

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ വിദേശപഠനത്തിന് പ്രതിവര്‍ഷം ചെലവഴിക്കുന്നത് അരലക്ഷം കോടി

പ്രതിഭാശാലികള്‍ പഠനത്തിനും ജോലിക്കുമായി ഇന്ത്യയില്‍ നിന്നു വിദേശത്തേക്ക് ചേക്കേറുന്ന പ്രവണത ഭയാനകമായി വളരുന്നുവെന്നു ഐക്യരാഷ്ട്രസഭയുടെ പഠന റിപ്പോര്‍ട്ട്. വിദേശപഠനത്തിനായി ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും കുടുംബങ്ങളും പ്രതിവര്‍ഷം അരലക്ഷം കോടി രൂപ ചെലവിടുന്നുവെന്നും ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള അന്തര്‍ദേശീയ കുടിയേറ്റ സമിതി കഴിഞ്ഞ ദിവസം വിലയിരുത്തി. അന്താരാഷ്ട്ര കുടിയേറ്റ ദിനാചരണം സംബന്ധിച്ച സെമിനാറില്‍ ലോകത്തെ 136 വിദേശരാജ്യങ്ങളിലായി 45 ലക്ഷം പേരാണ് പഠിക്കുന്നതെന്ന കണക്കും പുറത്തുവിട്ടു. എന്നാല്‍ വിദേശപഠനം നടത്തുന്ന ഇന്ത്യക്കാരുടെ സംഖ്യയില്‍ പ്രതിവര്‍ഷം ക്രമാനുഗതമായ വര്‍ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. 2016 ല്‍ 4.4 ലക്ഷം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ വിദേശപഠനം നടത്തിയിരുന്നത് ‘19ല്‍ 7.7 ലക്ഷമായി.

അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ ഇത് 18 ലക്ഷമായി ഉയരുമെന്നും ഐക്യരാഷ്ട്രസഭ കരുതുന്നു. ഇന്ത്യയില്‍ അന്താരാഷ്ട്ര ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭിക്കാത്തതാണ് വിദ്യാര്‍ത്ഥികള്‍ വിദേശത്തേക്ക് കുടിയേറാനുള്ള മുഖ്യകാരണം. വിദേശപഠനം കഴി‍ഞ്ഞ് നാട്ടിലെത്തിയാല്‍ വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരണമായ തൊഴില്‍ ലഭിക്കാത്തതും രാജ്യത്തെ രൂക്ഷമായ തൊഴിലില്ലായ്മയുമാണ് പുതിയ തലമുറയെ വിദേശ പഠനത്തിന് നിര്‍ബന്ധിതമാക്കുന്നത്. പഠനാനന്തരം ആകര്‍ഷകമായ വേതനത്തില്‍ വിദേശങ്ങളില്‍ത്തന്നെ പണികിട്ടുന്നതും ഇന്ത്യയില്‍ നിന്നുള്ള ഈ മസ്തിഷ്ക ചോര്‍ച്ച പൂര്‍ണമാക്കുന്നു. പഠനം പൂര്‍ത്തിയാക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിയമനത്തില്‍ മുന്‍ഗണന നല്കാന്‍ വിദേശരാജ്യങ്ങള്‍ ഉത്സാഹം കാട്ടുന്നതും ശ്രദ്ധേയമായി. ഗള്‍ഫ് രാജ്യങ്ങളില്‍ മാത്രം 1.8 കോടി ഇന്ത്യക്കാരാണ് പണിയെടുക്കുന്നത്. അവര്‍ ഇന്ത്യയിലേക്ക് പ്രതിവര്‍ഷം അയയ്ക്കുന്നത് 83 കോടി ഡോളറാണെന്നാണ് കണക്ക്. യുഎസിലെ 47 ലക്ഷവും യുകെയിലെ 16 ലക്ഷവും പ്രവാസികള്‍ അയയ്ക്കുന്ന പണം വേറെ. ഇന്ത്യയുടെ മൊത്തം ദേശീയ വരുമാനത്തിന്റെ മൂന്നു ശതമാനം പ്രവാസിപ്പണമാണ്.

എന്നാല്‍ ഇന്ത്യന്‍ പ്രവാസികള്‍ നാട്ടിലേക്കു പണമയയ്ക്കുന്നതില്‍ ഗണ്യമായ കുറവു വരുത്തി കുട്ടികളെ തങ്ങള്‍ പണിയെടുക്കുന്ന രാജ്യത്തോ മറ്റേതെങ്കിലും പാശ്ചാത്യരാജ്യത്തോ അയച്ച് പഠിപ്പിക്കുന്ന പ്രവണതയും വര്‍ധിക്കുന്നു. ഇതുമൂലം ഇന്ത്യന്‍ കുടുംബങ്ങളിലേക്ക് ഒഴുകാനുള്ള 50,000 കോടി രൂപയാണ് കുട്ടികളുടെ വിദേശപഠനത്തിനുവേണ്ടി ഉപയോഗിക്കുന്നത്. കുട്ടികളുടെ വിദേശപഠനം ഒരു നിക്ഷേപമായി കരുതുന്ന ഇന്ത്യന്‍ പ്രവാസികളുടെ എണ്ണവുമേറുന്നു. വിദേശപഠനത്തിനു പോയി വിദേശത്തു തന്നെ തൊഴില്‍ നേടുന്ന വിദ്യാര്‍ത്ഥികള്‍ ഇന്ത്യയുടെ മസ്തിഷ്ക ചോര്‍ച്ച ആശങ്കാജനകമാക്കുന്നുവെന്നാണ് യുഎന്‍ വിദഗ്ധര്‍ നല്കുന്ന മുന്നറിയിപ്പ്.

eng­lish sum­ma­ry; Indi­an stu­dents spend over half a tril­lion rupees every year study­ing abroad

you may also like this video;

Exit mobile version