ഉക്രെയ്‌നില്‍ നിന്ന് പോളണ്ട് അതിര്‍ത്തിയിലേക്ക് എത്തിയ 450ലധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഉക്രെയ്ന്‍ ഇമ്മിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞ് തിരിച്ചയച്ചെന്ന് റിപ്പോര്‍ട്ട്. നിങ്ങളുടെ സര്‍ക്കാര്‍ ഞങ്ങളോട് സഹകരിക്കുന്നില്ലെങ്കില്‍, ഞങ്ങള്‍ എന്തിനാണ് നിങ്ങളോട് സഹകരിക്കുന്നത് എന്ന് ചോദിച്ചായിരുന്നു വിദ്യാര്‍ത്ഥികളെ അതിര്‍ത്തി കടക്കാന്‍ അനുവദിക്കാതെ തിരിച്ചയച്ചതെന്ന് രക്ഷിതാക്കള്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ബഹളത്തിനിടയില്‍ പലരുടെയും പാസ്പോര്‍ട്ടും മറ്റ് രേഖകളും നശിപ്പിക്കപ്പെടുകയോ നഷ്ടപ്പെടുകയോ ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.
നേരത്തെ, റഷ്യയ്ക്കെതിരെയുള്ള യുഎന്‍ പ്രമേയത്തിന്റെ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്ന ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ഉക്രെയ്ന്റെ പരോക്ഷ ഭീഷണിയുണ്ടായിരുന്നു. നിങ്ങളുടെ പൗരന്മാരുടെ സുരക്ഷയ്ക്കുവേണ്ടി നിങ്ങള്‍ ചെയ്യേണ്ടത് യുദ്ധം അവസാനിപ്പിക്കാന്‍ വോട്ട് ചെയ്യുകയാണ്, വോട്ട് ചെയ്യണോ വേണ്ടയോ എന്ന് ചിന്തിക്കരുത് എന്നായിരുന്നു യുഎന്നിലെ ഉക്രെയ്ന്‍ അംബാസഡര്‍ സെര്‍ജി കിസ്‌ലിറ്റ്സിയയുടെ പ്രസ്താവന. ഇന്ത്യ, ചൈന, യുഎഇ എന്നീ രാജ്യങ്ങളാണ് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നത്.
ഉക്രെയ്‌നില്‍ നിന്ന് രക്ഷപ്പെട്ടെത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിസ ഇല്ലാതെ രാജ്യത്ത് പ്രവേശിക്കാമെന്ന് പോളണ്ട് വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയിലെ പോളണ്ട് സ്ഥാനപതി ആദം ബുരാകോവ്‌സ്കി ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി. ഉക്രെയ്‌നികളുള്‍പ്പെടെ വിവിധ രാജ്യങ്ങളുടെ പൗരന്മാരായ 1,56,000ത്തോളം പേര്‍ പോളണ്ടിലേക്ക് എത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, എംബസിയുമായി ബന്ധപ്പെടാതെ അതിര്‍ത്തികളിലേക്ക് പോകരുതെന്ന് നേരത്തെ ഇന്ത്യന്‍ എംബസി വിദ്യാര്‍ത്ഥികള്‍ക്ക് അറിയിപ്പ് നല്‍കിയിരുന്നു.
English Summary: Indian students were deported without being allowed to cross the border
You may like this video also