Site iconSite icon Janayugom Online

വായുവിലൂടെ കോവിഡ് പകരുമെന്ന് ഇന്ത്യൻ പഠനം

കൊറോണ വൈറസിന്റെ വ്യാപനത്തെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ തേടിയുള്ള പഠനം പുരോഗമിക്കുന്നതിനിടെ കോവിഡ് വായുവിലൂടെ പകരാനുള്ള സാധ്യത സ്ഥിരീകരിച്ച് ഇന്ത്യൻ ശാസ്ത്രജ്ഞർ.

കൗൺസിൽ ഫോർ സയൻസ് ആന്റ് ഇൻഡസ്ട്രീസ് റിസർച്ചിനു കീഴിലെ ശാസ്ത്രജ്ഞർ ഹൈദരാബാദിലെയും മൊഹാലിയിലെയും ആശുപത്രികളുമായി ബന്ധപ്പെട്ട് നടത്തിയ പഠനത്തിൽ SARS-CoV­‑2 വായുവിലൂടെ പകരുന്നതായി സ്ഥിരീകരിച്ചുവെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. ഇവരുടെ പഠനം ജേണൽ ഓഫ് എയറോസോൾ സയൻസിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കോവിഡ് ‑19 രോഗികൾ താമസിക്കുന്ന വിവിധ പ്രദേശങ്ങളിൽ നിന്ന് ശേഖരിച്ച വായു സാമ്പിളുകളിൽ നിന്നുള്ള കൊറോണ വൈറസ് ജനിതകവിദഗ്ധർ വിശകലനം ചെയ്തു. ആശുപത്രികൾ, കോവിഡ് രോഗികൾ മാത്രം ചെലവഴിച്ച അടച്ചിട്ട മുറികൾ, ഹോം ക്വാറന്റൈൻ ചെയ്ത വീടുകൾ എന്നിവയിൽ നിന്നാണ് സാമ്പിളുകൾ ശേഖരിച്ചത്.

കോവിഡ് രോഗികൾക്ക് ചുറ്റുമുള്ള വായുവിൽ വൈറസ് സാന്നിധ്യം ഉണ്ടാകുമെന്നും രോഗികളുടെ എണ്ണം കൂടുന്നതിനനുസരിച്ച് പോസിറ്റിവിറ്റി നിരക്ക് വർധിക്കുമെന്നും പഠനം കണ്ടെത്തി. ആശുപത്രികളിലെ ഐസിയുവിലും നോൺ ഐസിയു വിഭാഗത്തിലും വൈറസ് സാന്നിധ്യമുണ്ടാകും. അതുകൊണ്ട് മാസ്ക് ധരിക്കുന്നത് തുടരാൻ പഠനം നിർദേശിക്കുന്നു.

‘അടച്ചിട്ട സ്ഥലങ്ങളിൽ വായുസഞ്ചാരമില്ലാത്ത സാഹചര്യത്തിൽ കൊറോണ വൈറസിന് വായുവിൽ കുറച്ചുനേരത്തേക്ക് തങ്ങിനിൽക്കാൻ കഴിയുമെന്ന് പഠന ഫലങ്ങൾ കാണിച്ചു. ഒരു മുറിയിൽ രണ്ടോ അതിലധികമോ കോവിഡ് രോഗികൾ ഉള്ളപ്പോൾ വായുവിൽ വൈറസ് പകരുന്നതിന്റെ നിരക്ക് 75 ശതമാനം ആണ്.

ഒരു രോഗി മാത്രമാകുമ്പോൾ ഇത് 15.8 ശതമാനം ആയിരുന്നു ‘-പഠനത്തിൽ ഉൾപ്പെട്ട ശാസ്ത്രജ്ഞരിൽ ഒരാളായ മൊഹാരിർ പറഞ്ഞു. കൂടുതൽ രോഗികളെ ഉൾക്കൊള്ളുന്ന ആശുപത്രി, ആരോഗ്യ പരിപാലന കേന്ദ്രങ്ങൾ എന്നിവയിൽ അണു കേന്ദ്രീകരണം കൂടുതലാണ്’-അദ്ദേഹം പറഞ്ഞു.

ക്ലാസ് മുറികളും മീറ്റിങ് ഹാളുകളും പോലുള്ള ഇടങ്ങളിലെ അണുബാധയുടെ സാധ്യത പ്രവചിക്കാനുള്ള ഉപയോഗപ്രദമായ മാർഗമാണ് വായു നിരീക്ഷണം. അണുബാധയുടെ വ്യാപനം നിയന്ത്രിക്കുന്നതിനുള്ള തന്ത്രങ്ങൾ പരിഷ്കരിക്കാൻ ഇത് സഹായിക്കും-പഠനത്തിലെ പ്രധാന ശാസ്ത്രജ്ഞനും സിസിഎംബിയിലെ എമറിറ്റസ് പ്രൊഫസറും ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ജനറ്റിക്സ് ആന്റ് സൊസൈറ്റി ഡയറക്ടറുമായ ഡോ. രാകേഷ് മിശ്ര പറഞ്ഞു.

Eng­lish summary;Indian study reveals covid trans­mis­sion through air

You may also like this video;

Exit mobile version